‘മനുഷ്യത്വമില്ലാത്ത ക്രിമിനലുകളുടെ കൂടാരമായി സിപിഎം മാറി; ക്രിമിനലുകളുടെ വിരല്‍ത്തുമ്പില്‍ വിറയ്ക്കുന്ന പാർട്ടി’: വി.ഡി സതീശന്‍

Jaihind Webdesk
Saturday, February 18, 2023

 

കണ്ണൂർ: ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ . മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ക്രിമിനലുകളുടെ കൂടാരമായി സിപിഎം മാറി. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ സർക്കാരിന് എന്തിനാണ് ഭയമെന്ന് അദ്ദേഹം ചോദിച്ചു.  സിബിഐ അന്വേഷണം കൊണ്ടു മാത്രമേ കൊല്ലാന്‍ ഉത്തരവിട്ടവരെയും ഗൂഢാലോചനയും വെളിപ്പെടുകയുള്ളൂ എന്നും പ്രതിപക്ഷ നേതാവ് കണ്ണൂരില്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

ക്രിമിനലുകൾക്ക് സമൂഹമാധ്യമങ്ങളിൽ ഇടം കൊടുത്തത് സിപിഎമ്മാണ്. ആ ക്രിമിനലുകളിപ്പോൾ സിപിഎമ്മിനെ നിയന്ത്രിക്കുന്ന രീതിയിലേക്ക് എത്തി. ക്രിമിനലുകളെ സംരക്ഷിക്കാൻ നികുതിപ്പണത്തിൽ നിന്ന് 2 കോടി ചെലവാക്കി. ഇപ്പോൾ എല്ലാ ക്രിമിനലുകൾക്കും അവരുടെ പ്രവർത്തനങ്ങൾക്കും കുടപിടിച്ച് കൊടുക്കേണ്ട ഗതികേടിലാണ് സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ക്രിമിനലുകളെ ഉപയോഗിച്ചതിന്‍റെ തിക്തഫലമാണ് സിപിഎം അനുഭവിക്കുന്നത്. ക്രിമിനലുകൾ പാർട്ടിയെ ബ്ലാക്ക്മെയിൽ ചെയ്യുന്ന അപകടകരമായ സ്ഥിതിയിലേക്ക് എത്തി. ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്നും വി.ഡി സതീശൻ പറഞ്ഞു.

എല്ലാ സത്യങ്ങളും ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സ്വപ്നയെ ഉപയോഗിച്ചുകൊണ്ട് മുഖ്യമന്ത്രിയടക്കം നേട്ടങ്ങളുണ്ടാക്കി. ഇതിന്‍റെ തെളിവുകളും പുറത്തുവരുന്നു. ധനസമ്പാദനത്തിന് വേണ്ടി മുഖ്യമന്ത്രിയടക്കം സ്വപ്നയെ ഉപയോഗിച്ചു. ഒടുവിൽ അവരും സത്യം വിളിച്ച് പറയുകയാണ്. ആകാശിന്‍റെ മറ്റൊരു രൂപമാണ് സ്വപ്ന. ബംഗാളിലെ സിപിഎമ്മിനുണ്ടായ അതേ അവസ്ഥ കേരളത്തിലുണ്ടാകുമെന്നും വി.ഡി സതീശൻ തുറന്നടിച്ചു. അനധികൃതമായി ആളുകളെ കരുതൽ തടങ്കലിലാക്കുന്നതിനെതിരെ കോൺഗ്രസ് നിയമ നടപടി സ്വീകരിക്കും. മുഖ്യമന്ത്രി ആരെയാണ് ഭയപ്പെടുന്നതെന്ന്  പ്രതിപക്ഷ നേതാവ് ചോദിച്ചു. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജും വാർത്താ സമ്മേളനത്തിൽ സന്നിഹിതനായിരുന്നു.