സിപിഎമ്മും സര്‍ക്കാരും നടപ്പാക്കുന്നത് ആര്‍എസ്എസിന്റെ അജണ്ട: മുല്ലപ്പള്ളി രാമചന്ദ്രൻ

സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദമുണ്ടെന്ന ആര്‍എസ്എസിന്റെ വായ്ത്താരി ഏറ്റുപിടിച്ച സിപിഎം, കേരളത്തില്‍ ബിജെപിയുടെ അജണ്ട നടപ്പാക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലീം തീവ്രവാദ സംഘടനകളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും ടിപി കേസ് കൊലക്കേസ് പ്രതിയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ പി. മോഹനന്റെ പരാമര്‍ശത്തെ ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ സഹര്‍ഷം സ്വാഗതം ചെയ്തു കഴിഞ്ഞു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് ബിഗ് സല്യൂട്ട് നല്കി ആര്‍എസ്എസുകാര്‍ ആദരിച്ചിട്ടുള്ളതാണ്.

എസ്‌ഐഫ്‌ഐ പ്രവര്‍ത്തകരായ രണ്ടു വിദ്യാര്‍ത്ഥികളുടെമേല്‍ യുഎപിഎ ചുമത്തിയതിനെതിരേ സിപിഎം ദേശീയ സെക്രട്ടറിയും പിബിയും സംസ്ഥാന സെക്രട്ടേറിയറ്റുമെല്ലാം ഒന്നടങ്കം രംഗത്തുവന്നെങ്കിലും പിണറായിക്കു മാത്രം കുലുക്കമില്ല. സിപിഐ അതിശക്തമായ ഭാഷയിലാണ് യുഎപിഎയ്ക്ക് എതിരേ രംഗത്തുവന്നത്. യുഎപിഎയെ കരിനിയമമാണെന്ന് എല്ലാവേദികളിലും അപലിപിച്ചിട്ടുള്ളവരാണ് സിപിഎമ്മുകാര്‍.

മുഖ്യമന്ത്രി സിപിഎമ്മിന്റെയല്ല, മറിച്ച് മോദിയുടെ നയങ്ങള്‍ നടപ്പാക്കുന്നതില്‍ വ്യാപൃതനാണ്. ഇന്ത്യയില്‍ മോദിയുടെ നയം ഇത്രയും വിശ്വസ്തതയോടെ നടപ്പാക്കുന്ന മറ്റൊരു മുഖ്യമന്ത്രിയില്ല. ഏഴു മാവോയിസ്റ്റുകളെയാണ് വ്യാജ ഏറ്റുമുട്ടലിലൂടെ കേരള പോലീസ് കൊന്നത്. 1948ലെ കല്‍ക്കട്ട തീസിസിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് സായുധവിപ്ലവവും ഗറില്ലാ പോരാട്ടവും നടത്തിയ കമ്യൂണിസറ്റ് പാര്‍ട്ടിയുടെ പിന്‍തലമുറക്കാരാണ് മാവോയിസ്റ്റുകളെ, മുസ്ലീം തീവ്രവാദത്തിന്റെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടുന്നതിനോട് ഒട്ടും യോജിപ്പില്ലെന്നു മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തില്‍ മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഉണ്ടോ? അവര്‍ മാവോയിസ്റ്റുകള്‍ക്ക് താങ്ങും തണലും നല്കുന്നുണ്ടോ? കൊല്ലപ്പെട്ടവര്‍ക്ക് ഇവര്‍ എന്തെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ നല്കിയിട്ടുണ്ടോ? മാവോയിസ്റ്റു ഭീഷണിയുടെ പേരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കു സമാനമായ സുരക്ഷാസംവിധാനങ്ങളില്‍ അഭിരമിക്കുന്ന കേരള മുഖ്യമന്ത്രിക്ക് ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

Comments (0)
Add Comment