ന്യൂഡല്‍ഹി: കേരളത്തില്‍ സി.പി.എമ്മിന് ഏറ്റ കനത്ത പരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗം പിണറായിയുടെ പിടിവാശിക്ക് വഴങ്ങി. ശബരിമല സ്ത്രീപ്രവേശം ഉള്‍പ്പെടെ കേരള സര്‍ക്കാരിന്റെ പ്രവൃത്തികളാണ് പരാജയത്തിലേക്ക് നയിച്ചതെന്ന അഭിപ്രായം കേന്ദ്രകമ്മിറ്റിയംഗങ്ങള്‍ ഉണ്ടെങ്കിലും അത് തുറന്നുപറയാന്‍ ജനറല്‍ സെക്രട്ടറി യെച്ചൂരിപോലും ഭയന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ശബരിമല സ്ത്രീപ്രവേശത്തിലെ പിണറായിയുടെ തിടുക്കമാണ് പരാജയകാരണമെന്ന് പറയാത്ത കേന്ദ്രകമ്മിറ്റി അതേസമയം വിശ്വാസികളുടെ വിശ്വാസം തിരിച്ചുപിടിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രകമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇത് എങ്ങനെയെന്നതാണ് സി.പി.എം സംസ്ഥാന ഘടകത്തെ കുഴയ്ക്കുന്നത്. ശബരിമല വിധി നടപ്പാക്കിയത് സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണെന്നും സ്ത്രീകളെ തുല്യരായി കാണാനുള്ള കമ്മ്യൂണിസറ്റ് കാഴ്ച്ചപ്പാടിന്റെ ഭാഗമാണ് എന്നൊക്കെയായിരുന്നു പിണറായിയും സി.പി.എം സംസ്ഥാന നേതൃത്വവും നേരത്തെ നല്കിയ വിശദീകരണങ്ങള്‍. ഇതിനായി വനിതകളെ പങ്കെടുപ്പിച്ച് നവോത്ഥാന മതില് പണിതെങ്കിലും കേരളത്തിന്റെ മനസ്സും സാധാരണ സി.പി.എം അണികളുടെ മനസ്സും പിണറായിക്കും സി.പി.എമ്മിനൊപ്പം അല്ലായിരുന്നുവെന്നതിന്റെ ഏറ്റവും തിരിച്ചടിയായിരുന്നു കേരളത്തില്‍ സി.പി.എം നേരിട്ടത്. സി.പി.എം സംസ്ഥാന നേതൃത്വമാകട്ടേ കേന്ദ്രനേതൃത്വമാകട്ടേ പിണറായിക്ക് ആര് മണികെട്ടും എന്ന ചിന്താകുഴപ്പത്തിലാണ്.
ശബരിമല വിഷയത്തില്‍ സാധാരണ പ്രവര്‍ത്തകരില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് പാര്‍ട്ടി അന്നും ഇന്നും നേരിടുന്നത്. ഇപ്പോഴും സി.പി.എമ്മിന്റെ സാധാരണ പ്രവര്‍ത്തകര്‍. മലബാര്‍ മേഖലയില്‍ നിന്നടക്കമുള്ള പ്രവര്‍ത്തകര്‍ പിണറായി സിദ്ധാന്തത്തിന് എതിരാണ്. സംസ്ഥാന നേതൃത്വത്തിലും പിണറായിയുടെ ശബരിമല നിലപാടിനോട് കടുത്ത എതിര്‍പ്പ് ഉണ്ടെങ്കിലും ആരും തുറന്നുപറയുന്നില്ല. കേന്ദ്രകമ്മിറ്റിയില്‍ പോലും ഈ സമീപനമായിരുന്നു കണ്ടത്. യെച്ചൂരി പക്ഷം പിണറായിയുടെ നിലപാടിനോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ നിന്ന് വേണ്ടത്ര പിന്തുണ ഇല്ലായെന്നതാണ് യെച്ചൂരിയെയും പിന്നോട്ടടിക്കുന്ന വസ്തുത.
ബി.ജെ.പിക്കെതിരെ ബദല്‍ രാഷ്ട്രീയം പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനെ ഒഴിവാക്കി നിര്‍ത്തികൊണ്ട് ബി.ജെ.പിക്കെതിരെ ഒരു ബദല്‍ പ്രസ്ഥാനം രൂപപ്പെടുത്താന്‍ കഴിയില്ലെന്ന് ഏറ്റവും കൂടുതല്‍ ചിന്തിക്കുന്നതും യെച്ചൂരി തന്നെ. ഇതോടൊപ്പം കേന്ദ്രകമ്മിറ്റിയിലെ ബംഗാള്‍ ഘടകവും യെച്ചൂരിക്ക് പിന്തുണയുമായി ഉണ്ടെങ്കിലും ബംഗാളിലെ സി.പി.എമ്മിന്റെ കനത്ത പരാജയം ബംഗാളില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റിയംഗങ്ങളെ അപ്രസക്തരാക്കിയിക്കുകയാണ്. ഡോ. തോമസ് ഐസക് പിണറായിയുടെ നിലപാടിനോട് വിയോജിപ്പുണ്ടെങ്കിലും അത് ഒരു ഒറ്റപ്പെട്ട ശബ്ദമായി മാത്രം മാറുന്ന അവസ്ഥയിലാണ്. പാര്‍ട്ടിയുടെ പരാജയത്തെക്കുറിച്ചും ജനങ്ങളില്‍ നിന്ന് പാര്‍ട്ടി അകന്നുനില്ക്കുന്നതിനെക്കുറിച്ചും വി.എസ് യെച്ചൂരിക്ക് കത്തെഴുതുകയും തുറന്നുപറയുകയും ചെയ്തിട്ടുണ്ടെങ്കിലും വി.എസിന് പഴയതുപോലെ പാര്‍ട്ടിക്കുള്ള പിന്തുണയില്ലെന്നതും ശ്രദ്ധേയമാണ്. എന്തായാലും പിണറായിയുടെ നിലപാടിനും ധാര്‍ഷ്ട്യത്തിനും കേന്ദ്രകമ്മിറ്റി വീണ്ടും അംഗീകരിക്കേണ്ട അവസ്ഥയായിരുന്നു ഉണ്ടായത്.