പീഡന പരാതിയില്‍ ഇരക്കെതിരെ നടപടിയെടുത്ത് സിപിഎം; പ്രതികള്‍ക്ക് പാർട്ടി സംരക്ഷണം

 

തിരുവല്ല : സിപിഎം നേതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നാലെ നടപടിയുമായി പാർട്ടി. നടപടിയെടുത്തത് പരാതിക്കാരിയായ യുവതിക്കെതിരെ തന്നെ. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ഇവരെ സസ്പെന്‍ഡ് ചെയ്തു. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ, ഡിവൈഎഫ്ഐ നേതാവ് നാസർ എന്നിവരെ സംരക്ഷിച്ചുകൊണ്ടുള്ള നടപടിയിലൂടെ പാർട്ടി വേട്ടക്കാര്‍ക്കൊപ്പമാണെന്ന സന്ദേശമാണ് പ്രഖ്യാപിക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്.

മഹിളാ അസോസിയേഷൻ നൽകിയ പരാതിയിന്മേൽ ഏതാനും ആഴ്ചകൾക്ക് മുമ്പാണ് നടപടി സ്വീകരിച്ചതെന്ന് ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്‍റണി പറയുന്നു.  അതേസമയം പ്രതികളെ സംരക്ഷിക്കാൻ പാർട്ടി നടത്തുന്ന ശ്രമത്തിൽ സിപിഎമ്മിലെ തന്നെ ഒരു വിഭാഗത്തിനും പ്രതിഷേധമുണ്ട്.

തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ചിത്രം പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന വനിതാ നേതാവിന്‍റെ  പരാതിയില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നഗ്നചിത്രം പ്രചരിപ്പിച്ചതിന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ആർ മനു ഉൾപ്പെടെ 10 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

2021 മെയിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടായത്. സിപിഎം പ്രവര്‍ത്തകയായിരുന്ന വീട്ടമ്മയാണ് നേതാക്കളുടെ ആക്രമണത്തിന് ഇരയായത്. കാറില്‍ കയറ്റിയ ശേഷം മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി ലൈംഗികമായി ഉപദ്രവിച്ച് ചിത്രങ്ങള്‍ പകര്‍ത്തി എന്നാണ് പരാതി. സോഷ്യല്‍ മീഡിയയില്‍ അടക്കം ചിത്രങ്ങള്‍ പ്രചരിച്ചു. തുടര്‍ന്നാണ് വീട്ടമ്മ പരാതി നല്‍കിയത്. അതേസമയം സിപിഎം നേതാക്കള്‍ക്കെതിരെ തുടക്കത്തില്‍ കേസെടുക്കാന്‍ പൊലീസ് തയാറായില്ലെന്നും ആക്ഷേപമുണ്ട്.

Comments (0)
Add Comment