പ്രചാരണ ബോർഡുകളില്‍ നിന്ന് സി.പി.ഐ പുറത്ത്; സംസ്ഥാനത്ത് എല്‍.ഡി.എഫില്‍ കലഹം

Jaihind Webdesk
Thursday, April 18, 2019

Kanam Rajendran Pinarayi Vijayan

സംസ്ഥാനത്ത് വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇടത് മുന്നണിയിൽ സി.പി.ഐ-സി.പി.എം ഉൾപ്പോര് മുറുകുന്നതിന്‍റെ തെളിവാണ് എൽ.ഡി.എഫിന്‍റെ പേരിൽ വെച്ച ചില പ്രചാരണ ബോർഡുകൾ. സ്ഥാനാർത്ഥികൾക്ക് വോട്ടഭ്യർത്ഥിച്ചു കൊണ്ടുള്ള എൽ.ഡി.എഫിന്‍റെ കൂറ്റൻ ബോർഡുകളിൽ സി.പി.ഐ നേതാക്കളുടെ ചിത്രങ്ങൾ ഇല്ല. സി.പി.ഐ സ്ഥാനാർത്ഥി മത്സരിക്കുന്ന തൃശൂരിലടക്കം ബോർഡുകളിൽ പിണറായിയും കോടിയേരിയും മാത്രം. എൽ.ഡി.എഫിന്‍റെ ബോർഡുകളിൽ എൽ.ഡി.എഫ് നേതാക്കളുടെ ചിത്രങ്ങളുണ്ടാകുമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ മറുപടിയിൽ വ്യക്തമാകുന്നത് സി.പി.ഐയുടെ അമർഷമാണ്.

വർഗീയത വീഴും വികസനം വാഴും എന്ന മുദ്രാവാക്യമെഴുതി എൽ.ഡി.എഫിന്‍റെ പേരിൽ സ്ഥാനാര്‍ത്ഥികൾക്ക് വോട്ടഭ്യർത്ഥിച്ച് വെച്ച കട്ടൌട്ടുകളിലാണ് സി.പി.ഐ ഉൾപ്പടെയുള്ള ഘടകകക്ഷി നേതാക്കളുടെ ചിത്രങ്ങൾ ഒഴിവാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെയും ചിത്രങ്ങൾ മാത്രമാണ് ബോർഡുകളിൽ പ്രദർശിപ്പിച്ചത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇതിലുള്ള അതൃപ്തിയും വ്യക്തമാക്കി.

‘എല്‍.ഡി.എഫ് ആണെങ്കില്‍ എല്ലാ നേതാക്കളുടെയും ചിത്രങ്ങള്‍ ഉണ്ടാകും’ – കാനം പറഞ്ഞു.

എൽ.ഡി.എഫിലെ ഘടകകക്ഷി നേതാക്കളുടെ ചിത്രങ്ങള്‍ ഒഴിവാക്കി സി.പി.എം നേതാക്കളുടെ ചിത്രങ്ങൾ വെച്ചതിന്‍റെ അമർഷം കാനത്തിന്‍റെ മറുപടിയിൽ നിന്നുതന്നെ വ്യക്തമാണ്. എന്നാൽ തെരഞ്ഞെടുപ്പിനെ ഭയന്നാണ് കാനം ഉൾപ്പടെയുള്ള ഘടകകക്ഷി നേതാക്കൾ ഇതിനെതിരെ പരസ്യമായി രംഗത്ത് വരാത്തതെന്നാണ് വിലയിരുത്തൽ.

തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുമ്പോഴും സി.പി.എമ്മും ഘടകകക്ഷികളും തമ്മിലുള്ള ശീതസമരം അവസാനിച്ചിട്ടില്ല എന്നതിന്റെ ഉദാഹരണം തന്നെയാണ് എൽ.ഡി.എഫിന്‍റെ പേരിൽ വെച്ച കൂറ്റൻ ബോർഡുകളിൽ നിന്ന് സി.പി.ഐ നേതാക്കളെ വെട്ടിനിരത്തിയ സംഭവം.