‘മണിയടിച്ച്’ സിപിഐ സംസ്ഥാന നേതൃത്വം; ആനി രാജയെ തള്ളി കാനം

Jaihind Webdesk
Sunday, July 17, 2022

തിരുവനന്തപുരം: എം.എം മണിയുമായുള്ള തർക്കത്തിൽ ആനി രാജയെ തള്ളി സിപിഐ സംസ്ഥാന നേതൃത്വം. ആനി രാജയ്ക്കെതിരായ എം.എം മണിയുടെ പരാമർശത്തിന് അവർ തന്നെയാണ് ഉത്തരവാദിയെന്ന നിലപാടാണ് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റേത്.

സിപിഐ ദേശീയ ജനറൽ സെക്രട്ടറി ആനി രാജയ്‌ക്കെതിരായ എം.എം. മണിയുടെ പ്രസ്താവനയെ തിരുത്താനോ തള്ളിപ്പറയാനോ സിപിഐ സംസ്ഥാന നേതൃത്വം തയാറായില്ലെന്നതാണ് ശ്രദ്ധേയം. വടകരം എംഎല്‍എ കെ.കെ രമയ്‌ക്കെതിരെ എം.എം മണി നടത്തിയ പരാമർശത്തിൽ ദേശീയ നേതൃത്വം എതിർ നിലപാട് വ്യക്തമാക്കിയപ്പോഴും സിപിഐ സംസ്ഥാന നേതൃത്വം മണിയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ആനി രാജ തുടക്കത്തിൽ തന്നെ മണിക്കെതിരെ നിലപാട് വ്യക്തമാക്കുകയും മണിയെ സിപിഎം സംസ്ഥാന നേതൃത്വം തിരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ആനി രാജയ്‌ക്കെതിരെയും മണി അവഹേളനവുമായി രംഗത്തെത്തിയത്.

ആനി രാജയ്ക്കെതിരായ പരമാർശത്തിനെതിരെ സിപിഐ ദേശീയ നേതൃത്വവും ഇടുക്കി ജില്ലാ നേതൃത്വവും കടുത്ത പ്രതിഷേധം അറിയിച്ചപ്പോൾ പോലും സംസ്ഥാന നേതൃത്വം നേരെ തിരിച്ചുള്ള സമീപനമാണ് കൈക്കൊണ്ടത്. വനിതാ നേതാവിനെ അവഹേളിച്ചത് സംബന്ധിച്ച ചോദ്യങ്ങളോട് ‘അത് അവരോട് ചോദിക്കൂ’ എന്നുപറഞ്ഞാണ് കാനം ഒഴിഞ്ഞുമാറിയത്. സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള പ്രശ്‌നത്തിൽ ആനി രാജ അനാവശ്യമായി ഇടപെട്ടുവെന്നും സംസ്ഥാന നേതൃത്വവുമായി കൂടിയാലോചന വേണ്ടതായിരുന്നു എന്നുമായിരുന്നു കാനത്തിന്‍റെ നിലപാട്. ആനി രാജയുടേത് രാഷ്ട്രീയ പക്വതക്കുറവായും സിപിഐ സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.