കേരള കോൺഗ്രസ് പ്രവേശനം എല്‍ഡിഎഫിന് ഉപകാരപ്പെട്ടില്ല ; ശക്തി കേന്ദ്രങ്ങള്‍ നഷ്ടപ്പെട്ടു : സിപിഐ

Jaihind Webdesk
Thursday, September 9, 2021

 

തിരുവനന്തപുരം : കേരള കോണ്‍ഗ്രസിന്‍റെ വരവ് ഇടതുമുന്നണിക്ക് പ്രത്യേക നേട്ടങ്ങളുണ്ടാക്കിയില്ലെന്ന് സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. ശക്തി കേന്ദ്രങ്ങളായ കടുത്തുരുത്തിയിലേയും പാലായിലേയും തോല്‍വികള്‍ ഉദാഹരിച്ചാണ് സിപിഐ കേരള കോണ്‍ഗ്രസിനെ താഴ്ത്തിക്കാണിക്കുന്നത്.

പുതിയതായി മുന്നണിയിലേക്കെത്തിയ കേരള കോണ്‍ഗ്രസ് മാണിയുടെ സ്വാധീനം തെരഞ്ഞെടുപ്പില്‍ പ്രകടമായില്ലെന്ന വിമര്‍ശനം ഇന്ന് നിര്‍വാഹകസമിതിയിലും നാളെ സംസ്ഥാന കൗണ്‍സിലിലും അവതരിപ്പിക്കുന്ന അവലോകന റിപ്പോര്‍ട്ടിലുണ്ട്. കേരള കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രങ്ങളിലെ വിജയം ഒന്നാം സര്‍ക്കാരിന്‍റെ വിജയമാണെന്ന ധ്വനിയാണ് റിപ്പോര്‍ട്ടിലുള്ളത്. കേരള കോണ്‍ഗ്രസിന് വലിയ ശക്തിയുണ്ടായിരുന്നെങ്കില്‍ ഉറച്ച കോട്ടയായ പാലായിലെയും കടുത്തുരുത്തിയിലും തോല്‍ക്കില്ലായിരുന്നുവെന്നാണ് സിപിഐ കണ്ടെത്തല്‍. സ്വന്തം സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടായ തിരിച്ചടിയും സിപിഐ വിലയിരുത്തുന്നു.

കരുനാഗപ്പള്ളിയിലെ തോല്‍വിക്ക് സിറ്റിംഗ് എംഎല്‍എയുടെ വീഴ്ചയും സംഘടനപരമായ പ്രശ്‌നങ്ങളും ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിശദമായ പരിശോധനക്ക് നിയോഗിക്കപ്പെട്ട കമ്മീഷന്‍ തോല്‍വി പരിശോധിച്ചുവരികയാണ്.