പോരടിച്ച് കാനം-ഇസ്മയില്‍ പക്ഷം; വിഭാഗീയതയില്‍ സിപിഐ പാലക്കാട് ജില്ലാ സമ്മേളനം

Jaihind Webdesk
Friday, August 26, 2022

പാലക്കാട്: സിപിഐ പാലക്കാട് ജില്ലാ സമ്മേളനത്തിൽ വിഭാഗീയത രൂക്ഷം. കാനം-ഇസ്മായിൽ പക്ഷങ്ങൾ പരസ്പരം പോരടിച്ചപ്പോൾ ജില്ലാ കൗൺസിലിലേക്ക് കടുത്ത മത്സരം നടന്നു. ജില്ലാ സെക്രട്ടറിയായി കെ.പി സുരേഷ് രാജിനെ വീണ്ടും തെരഞ്ഞെടുത്തു.

പരസ്പരമുള്ള ആരോപണ-പ്രത്യാരോപണങ്ങൾ, ചെളിവാരിയെറിയൽ. ഒടുവിൽ ജില്ലാ കൗൺസിലിലേക്ക് പുലർച്ചെ വരെ നീണ്ട വോട്ടെടുപ്പ്. സിപിഐ പാലക്കാട് ജില്ലാ സമ്മേളനം കാനം- ഇസ്മായിൽ പക്ഷങ്ങളുടെ തുറന്ന പോരിനാണ് വേദിയായത്. നാൽപ്പത്തിയഞ്ചംഗ ജില്ലാ കൗൺസിസിലേക്ക് 60 പേർ മത്സര രംഗത്തെത്തിയിരുന്നു.

ഔദ്യോഗിക പാനലിന് എതിരെ മത്സരിച്ച 15 ൽ നാലുപേർ വിജയിച്ചു. ഔദ്യോഗിക പക്ഷത്തുനിന്ന് 28 പേരും ഇസ്മായിൽ പക്ഷത്ത് നിന്ന് 17 പേരും ജില്ലാ കൗൺസിലിൽ എത്തി. ജില്ലാ കൗൺസിലിലേക്ക് ഔദ്യോഗിക പക്ഷം അവതരിപ്പിച്ച 7 പേരെ ഒഴിവാക്കണം എന്ന ആവശ്യത്തെ തുടർന്നാണ് ജില്ലാ കൗൺസിലിലേക്ക് വോട്ടെടുപ്പ് വേണ്ടി വന്നത്.

അതേസമയം ജില്ലാ സെക്രട്ടറിയായി കെ.പി സുരേഷ്‍ രാജിനെ വീണ്ടും തെരഞ്ഞെടുത്തു. നാലാം തവണയാണ് സുരേഷ് രാജ് സിപിഐയുടെ ജില്ലാ സെക്രട്ടറിയാകുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് മൂന്ന് തവണ എന്ന നിബന്ധനയിൽ ഇളവ് നൽകിയാണ് സുരേഷ് രാജിന് നാലാം ഊഴം ലഭിച്ചത്. മൂന്ന് ടേം പൂർത്തിയാക്കിയവരെ ഒഴിവാക്കണം എന്നതായിരുന്നു പൊതുനിർദേശം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുരേഷ് രാജ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് ചൂണ്ടിക്കാണിച്ചാണ് ഒരു ഊഴം കൂടി അദ്ദേഹത്തിന് ലഭിച്ചത്.