ഇടതുവിരുദ്ധ നിലപാടുകൾ മുന്നണിക്ക് അവമതിപ്പ് ഉണ്ടാക്കും ; ഗണേഷിനെതിരെ പരസ്യവിമർശനവുമായി സിപിഐ

Jaihind News Bureau
Monday, January 25, 2021

കൊല്ലം : കെ.ബി ഗണേഷ് കുമാർ എംഎൽഎക്കെതിരെ പരസ്യ വിമർശനവുമായി സിപിഐ. എംഎല്‍എയുടെ നിലപാടുകള്‍ക്കെതിരെ പത്തനാപുരത്ത് സിപിഐ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. മണ്ഡലത്തിലെ വിവിധ വിഷങ്ങളിൽ സാധാരണക്കാരായ പ്രദേശവാസികളുടെ ന്യായമായ അവകാശങ്ങളും വികാരങ്ങളും അവഗണിച്ച് എംഎൽഎ നടത്തുന്ന ഏകാധിപത്യ പ്രവണതക്കെതിരെ ശക്തമായ പോരാട്ടം ഉണ്ടാകുമെന്ന് സിപിഐ നേതാക്കൾ മുന്നറിയിപ്പ് നൽകി.

വിവിധ വിഷയങ്ങളിൽ എംഎൽഎ എടുക്കുന്ന ഇടതുവിരുദ്ധ നിലപാടുകൾ മുന്നണിയ്ക്ക് സാധാരണക്കാരുടെ ഇടയിൽ അവമതിപ്പ് ഉണ്ടാക്കുന്നതായി നേതാക്കൾ തുറന്നടിച്ചു. എംഎല്‍എയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ നടന്ന ആക്രമണത്തേയും സിപിഐ  പരസ്യമായി വിമർശിച്ചിരുന്നു. ജനകീയ വിഷയങ്ങളിൽ എംഎൽഎ മുന്നണിവിരുദ്ധ നിലപാട് തുടർന്നാൽ പ്രത്യക്ഷ സമര പരിപാടികൾ  തുടങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു.