വയനാട്ടിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം. 26ന് കേരള-കർണാടക അതിർത്തി കടന്നെത്തിയ കൊവിഡ് രോഗിയുടെ സ്രവം പരിശോധിച്ചത് 29നാണ്. ഈ ദിവസങ്ങളിൽ ഇയാളെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നിരീക്ഷണത്തിലാക്കാതിരുന്നത് രോഗിക്ക് പലയിടങ്ങളിൽ സന്ദർശനം നടത്താൻ ഇടയായെന്നും ആരോപണമുണ്ട്.
അതേസമയം ഒരു മാസത്തെ ഇടവേളക്ക് ശേഷമാണ് വയനാട്ടിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. മാനന്തവാടി കുറുക്കന്മൂല സ്വദേശിയായ 52കാരനാണ് രോഗം സ്ഥിരീകരിച്ചത്. ലോറി ഡ്രൈവറായ ഇയാള്‍ ഏപ്രില്‍ 26ന് ചെന്നൈയില്‍ നിന്ന് ബാവലി ചെക്ക് പോസ്റ്റ് വഴിയാണ് വയനാട്ടിൽ എത്തിയത്. ഇയാൾക്ക് സ്രവ പരിശോധന നടത്തിയത് 29 നും. എന്നാൽ സംസ്ഥാന അതിർത്തി കടന്നത്തിയ ഇയാള്‍ക്ക് മതിയായ പ്രാഥമിക പരിശോധന നടത്തിയില്ല. സ്രവ പരിശോധന നടത്താൻ വൈകുകയും ചെയ്തു.
തുടര്‍ന്ന് ഇയാൾ പുറത്തിറങ്ങി നടന്നതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് 29ന് പരിശോധന നടത്തിയതെന്നുമാണ് മാനന്തവാടി നഗരസഭാ പ്രതിപക്ഷ നേതാവിന്റെ ആരോപണം. 26നും 29നുമിടയില്‍ ഇയാൾ മാനന്തവാടിയിലും മീനങ്ങാടിയിലും പലതവണ സന്ദർശനം നടത്തിയതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിക്കുന്നുമുണ്ട്. ഇതാണ് ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചു എന്ന ആരോപണത്തിന് കൂടുതൽ കരുത്ത് പകരുന്നത്.