കൊറോണ എന്ന മഹാമാരിക്കെതിരെ ലോകം മുഴുവൻ പൊരുതുമ്പോൾ തികച്ചും വ്യത്യസ്തമായ വഴിയിലൂടെ സഞ്ചരിക്കുകയാണ് കണ്ണുർ പട്ടാന്നൂർ കെപിസി ഹയർ സെക്കൻഡറി സ്ക്കൂളിലെ 1993-94 എസ് എസ് എൽ സി വിദ്യാർത്ഥികളുടെ കൂട്ടായ്മ. ലോക്ക്ഡൗണിനെ തുടർന്നുള്ള ഒഴിവ് സമയം വെറുതെ കളയാതെ സർഗാത്മക മത്സരങ്ങൾക്കായി നീക്കിവെച്ചിരിക്കുകയാണ് ഈ ചങ്ങാതികൂട്ടം എന്ന കൂട്ടായ്മ.
കൊവിഡ് വേഴ്സസ് ക്രിയേറ്റിവിറ്റി എന്ന പേരിലാണ് കലാപരിപാടികൾക്ക് തുടക്കമിട്ടിരിക്കുന്നത്. ‘വാട്സ് ആപ്പ് വഴി വിവിധ മത്സരങ്ങളാണ് ഈ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
ഓരോ ദിവസവും വ്യത്യസ്തങ്ങളായ മത്സരങ്ങൾക്കായി തലേ ദിവസം തന്നെ ആവശ്യമായ നിർദേശങ്ങൾ വാട്സ് ആപ്പ് വഴി നൽകുന്നു..കാർട്ടൂൺ , പോസ്റ്റർ രചന, മിമിക്രി, മോണോ ആക്ട്, ഫാഷൻ ഷോ, വാർത്താ അവതരണം, നാടൻ കളികൾ, ഉൾപ്പടെയുള്ള ഇനങ്ങളിലാണ് മത്സരം.എൽ കെ ജി മുതൽ പ്ലസ്ടു ക്ലാസുകളിൽ വരെയുള്ള മുപ്പത്തി അഞ്ച് കുട്ടികളും അവരുടെ രക്ഷിതാക്കളും വളരെ ആവേശത്തോടെയാണ് മത്സരങ്ങളിൽ പങ്കാളികളാവുന്നത്.
രാത്രി എട്ടുമണിക്കുള്ളിൽ വാട്സപ്പ് വഴി ഷേർ ചെയ്യപ്പെടുന്ന ഓഡിയോ, വീഡിയോ, ഫോട്ടോ എന്നിവ ഉപയോഗിച്ച് വിവിധ വിഭാഗങ്ങളിലായി സ്റ്റാർ ഓഫ് ദ ഡേ ആയി കുട്ടികളെ തിരഞ്ഞെടുക്കുന്നു. മികച്ച രീതിയിലുള്ള പ്രകടനങ്ങൾ അതേ ദിവസം തന്നേ രക്ഷിതാക്കളുടെ അനുമതിയോടെ യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യുകയും ചെയ്യുന്നു. വിവിധ കലാപ്രകടനങ്ങൾക്ക് നല്ല പ്രതികരണമാണ് കാഴ്ചക്കാരിൽ നിന്ന് ലഭിക്കുന്നത്.
കലാസപര്യ 23 ദിവസങ്ങൾ പിന്നിടുന്നതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ. അപ്രതീക്ഷിതമായെത്തിയ അവധി ദിവസങ്ങളിൽ കുട്ടികളെ വിട്ടിൽ തന്നെയിരുത്തി ഒഴിവ് വരുന്ന സമയത്തെ രസകരമായും ക്രിയാത്മകമായും ഉപയോഗിക്കുവാൻ അവരെ പ്രാപ്തരാക്കാൻ സാധിച്ചത് സംഘാടകരെ സംബന്ധിച്ചെടുത്തോളം അഭിമാനകരമായ നേട്ടമാണ്.