ബിജെപി ദേശീയ അധ്യക്ഷന് കൊവിഡ് പ്രോട്ടോകാൾ ബാധകമല്ലേ ? നദ്ദയ്ക്ക് മുന്നിൽ നട്ടെല്ല് വളച്ച് പിണറായി സർക്കാർ

Jaihind Webdesk
Thursday, February 4, 2021

 

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഐശ്വര്യകേരള യാത്രയില്‍ പങ്കെടുത്ത കോൺഗ്രസ്, യുഡിഎഫ് നേതാക്കൾക്കെതിരെ  പ്രോട്ടോകോൾ ലംഘനം ആരോപിച്ച് കള്ളക്കേസ് എടുക്കുന്ന പിണറായി സർക്കാർ ബി.ജെ.പി കേന്ദ്ര നേതാക്കൾക്ക് മുന്നിൽ നട്ടെല്ല് വളയ്ക്കുന്നു. ഐശ്വര്യകേരള യാത്രയ്ക്ക് വൻ ജനസ്വീകാര്യത ലഭിച്ചതോടെയാണ് യാത്രയിൽ പങ്കെടുത്തവർക്ക് എതിരെ കൊവിഡ് പ്രോട്ടോക്കാൾ ലംഘിച്ചുവെന്ന് ആരോപിച്ച് കേസ് എടുത്തത്.

എന്നാല്‍ രണ്ടു ദിവസമായി കേരളത്തിൽ പര്യടനം നടത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ പരിപാടികളിൽ കൊവിഡ് മാനണ്ഡങ്ങൾ ലംഘിച്ച ആൾക്കൂട്ടം ഉണ്ടായിട്ടും കേസ് എടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിൽ നദ്ദയെ സ്വീകരിക്കാൻ എത്തിയ ആൾക്കൂട്ടം കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ചിരുന്നു. തിരുവനന്തപുരം നഗരത്തില്‍ നദ്ദയെ വരവേല്‍ക്കാന്‍ റോഡ് ഷോയും പ്രവർത്തകർ സംഘടിപ്പിച്ചിരുന്നു. നിയന്തണങ്ങളില്ലാതെയാണ് പ്രവർത്തകർ പരിപാടിയില്‍ അണിനിരന്നത്.

കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസ് എടുക്കാനുള്ള ആവേശം പക്ഷേ ഇവിടെ കണ്ടില്ല. നദ്ദയ്ക്ക് മുന്നിൽ പിണറായി പൊലീസിന് മുട്ട് വിറച്ചു. ബിജെപി ദേശീയ അധ്യക്ഷന് സല്യൂട്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കേസും. ഇതാണ് പിണറായി പൊലീസിന്‍റെ ശൈലി. കൊവിഡ് പടരുന്നതിൽ ആശങ്കപ്പെടുന്ന സർക്കാരിന്‍റെ ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ കൊവിഡ് വ്യാപകമാവുകയാണ്.

മന്ത്രിമാർ ഉൾപ്പെടയുള്ളവർ കൊവിഡ് ബാധിതരായി. ഐശ്വര്യകേരള യാത്ര കൊവിഡ് പടർത്തുന്നു എന്ന് ആരോപണം ഉന്നയിച്ച മന്ത്രിമാർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. യാത്രയുടെ ഓരോ യോഗവും ഓരോ കൊവിഡ് ക്ലസ്റ്ററാകും എന്ന് ആരോപിക്കുന്ന മന്ത്രിമാരുടെ മൂക്കിന് കീഴെ സെക്രട്ടറിയേറ്റ് തന്നെ കൊവിഡ് ക്ലസ്റ്ററായി മാറുകയാണ്.