കൊവിഡ് വകഭേദം : പരിധിയിൽ കവിഞ്ഞ ആത്മവിശ്വാസം അപകടമെന്ന് മുന്നറിയിപ്പ്

Jaihind News Bureau
Tuesday, January 5, 2021

ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചിട്ടും തെല്ലും ജാഗ്രത പുലർത്താതെയാണ് ജനങ്ങൾ പൊതു നിരത്തിലേക്കിറങ്ങുന്നത്. തന്നെ കൊവിഡ് വൈറസ് പിടിക്കുകയില്ലെന്ന ഒരു പരിധിയിൽ കവിഞ്ഞ ആത്മവിശ്വാസമാണ് പലർക്കും.

കൊവിഡ് വാക്‌സിന് രാജ്യത്ത് അനുമതി നൽകിയതോടെ ജനങ്ങൾ തെല്ലും ഭയമില്ലാതെയാണ് പൊതുനിരത്തിലേക്കിറങ്ങുന്നത്. തനിക്ക് രോഗം ബാധിക്കില്ല എന്ന ആത്മവിശ്വാസം പലരിലും അതിരുകടക്കുന്നു. സാമൂഹ്യ അകലവും സാനിറ്റൈസറും കൈകഴുകലുമൊക്കെ ജീവിതത്തിന്റെ ഭാഗമായ ഈ കൊറോണക്കാലത്ത് പല മലയാളികൾക്കും ഈ മഹാമാരിയെ ഭയമില്ലയെന്ന് വേണം പറയാൻ. അതിവേഗം പടരുന്ന കൊവിഡ് വകഭേദം ഇപ്പോൾ കേരളത്തിലും എത്തിയിരിക്കുന്നു.

കേരളത്തിൽ അതിതീവ്രശേഷിയുള്ള കൊവിഡ് വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. ലോക്ക് ഡൗൺ ഇളവുകൾ പരിമിതമായി ഉപയോഗപ്പെടുത്തേണ്ടത്തിന്‍റെ ആവശ്യകതയും വലുതാണ്. ഈ സാഹചര്യത്തിൽ വീണ്ടും ലോക്ഡൗണിലേക്ക് പോകാതിരിക്കണമെങ്കിൽ സെൽഫ് ക്വാറന്‍റൈൻ അനിവാര്യമാണ്.