ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന്‍ ഉടന്‍; ഒമിക്രോണ്‍ ജാഗ്രത വേണമെന്ന് എയിംസിന്‍റെ മുന്നറിയിപ്പ്

Jaihind Webdesk
Monday, December 20, 2021

 

ന്യൂഡല്‍ഹി : കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകുന്നത് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് ആദ്യ ഡോസ് വാക്‌സിൻ 88 ശതമാനം പേർ സ്വീകരിച്ചു. ഇതുവരെ 137 കോടി വാക്‌സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2 പുതിയ വാക്‌സിനുകളുടെ അനുമതി പരിഗണനയിലാണ്. മൂന്നാം തരംഗം മുന്നിൽ കണ്ടുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെന്നും കേന്ദ്രം ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം രാജ്യത്ത് കൊറോണവൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍  വര്‍ധിക്കുന്ന സാഹചര്യത്തില്‍ എയിംസ് മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാകാനുള്ള സാധ്യത തള്ളാന്‍ കഴിയാത്ത അവസ്ഥയില്‍ എന്തിനും തയാറായിരിക്കണമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേരിയ വ്യക്തമാക്കി.

അതിനിടെ ഇന്ത്യയിലെ നിലവില്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 170 ആയി. മഹാരാഷ്ട്ര (54), ഡല്‍ഹി (28), തെലങ്കാന (20), രാജസ്ഥാന്‍ (17), കര്‍ണാടക (19), കേരളം (15), ഗുജറാത്ത് (11), ഉത്തര്‍പ്രദേശ് (2), ആന്ധ്രാപ്രദേശ് (1), ചണ്ഡീഗഡ് (1), തമിഴ്‌നാട് (1), പശ്ചിമബംഗാള്‍ (1) എന്നിങ്ങനെയാണ് ഒമിക്രോണ്‍ രോഗികളുടെ എണ്ണം. നിലവില്‍ 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചത്.

സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ലോകരാജ്യങ്ങളില്‍ യുകെയിലാണ് ഒമിക്രോണ്‍ കേസുകള്‍ കൂടുതല്‍ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 12,133 പേര്‍ക്ക് യുകെയില്‍ രോഗം ബാധിച്ചു.