രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഓഗസ്റ്റില്‍ ; തീവ്രത കുറയും

Friday, July 16, 2021

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനവാരം തുടങ്ങിയേക്കുമെന്ന്  ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). എന്നാൽ അതിന് രണ്ടാം തരംഗത്തേക്കാൾ ശക്തി കുറവായിരിക്കുമെന്നും ഐസിഎംആർ പകർച്ചവ്യാധി പ്രതിരോധവിഭാഗം തലവൻ ഡോ. സമീരൻ പാണ്ഡ

‘രാജ്യവ്യാപകമായി ഒരു മൂന്നാം തരംഗം ഉണ്ടാകും. അതിനർത്ഥം ഇത് രണ്ടാം തരംഗത്തേക്കാൾ ശക്തമായിരിക്കുമെന്നോ ഉയർന്നതായിരിക്കുമെന്നോ അല്ല”. നാല് കാരണങ്ങളാണ് മൂന്നാം തരംഗത്തിലേക്ക് നയിക്കുകയെന്ന് ഡോ. പാണ്ഡ വിശദീകരിക്കുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗത്തിൽ ജനങ്ങളാർജിച്ച പ്രതിരോധശേഷി കുറഞ്ഞു വരുന്നത്, ഒരു കാരണമാകാം. ”അങ്ങനെ പ്രതിരോധശേഷി കുറഞ്ഞാൽ, മൂന്നാം തരംഗമുണ്ടായേക്കാം”, അദ്ദേഹം പറയുന്നു.

രണ്ടാമത്തേത്, ജനങ്ങളുടെ ആർജിത പ്രതിരോധ ശേഷിയെ മറികടക്കുന്ന ഏതെങ്കിലും വൈറസ് ജനിതകവകഭേദം പടർന്നു പിടിക്കുന്നതാകാം. മൂന്നാമത്തേത്, ഈ പുതിയ ജനിതക വകഭേദങ്ങളിലേതെങ്കിലും പ്രതിരോധശേഷിയെ മറികടന്നില്ലെങ്കിലും വ്യാപകമായി പടർന്നുപിടിക്കുന്ന തരം വ്യാപനശേഷിയുള്ളതാണെങ്കിൽ മൂന്നാം തരംഗം സംഭവിക്കാം.

നാലാമത്തേത്, സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ നേരത്തേ പിൻവലിക്കുകയാണെങ്കിൽ വീണ്ടും രോഗവ്യാപനം സംഭവിക്കാമെന്നും ഡോ. പാണ്ഡ മുന്നറിയിപ്പ് നൽകുന്നു.

ഡെൽറ്റ വകഭേദമായിരിക്കുമോ ഈ വ്യാപനത്തിനും മൂന്നാം തരംഗത്തിന് വഴി വയ്ക്കുക എന്ന ചോദ്യത്തിന്, ഇപ്പോൾത്തന്നെ ഡെൽറ്റ വകഭേദം രാജ്യത്ത് പടർന്നുപിടിച്ച് കഴിഞ്ഞുവെന്നും, ഇതിൽക്കൂടുതൽ വ്യാപനം ഡെൽറ്റ വകഭേദത്തിന് ഉണ്ടാക്കാനാകുമെന്ന് കരുതുന്നില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

നേരത്തേ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തലയ്ക്ക് മുകളിൽത്തന്നെയുണ്ടെന്നും, രാജ്യത്തെ പലയിടങ്ങളിലും സർക്കാരുകൾ ആൾക്കൂട്ടങ്ങൾ നിയന്ത്രണമില്ലാതെ അനുവദിക്കുകയാണെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) മുന്നറിയിപ്പ് നൽകിയിരുന്നു.