കൊവിഡ് : സംസ്ഥാനത്ത് മേയ് പകുതിയോടെ രോഗവ്യാപനം തീവ്രമായേക്കും ; 8 ജില്ലകളില്‍ ടിപിആര്‍ 25 നു മുകളില്‍

Jaihind Webdesk
Wednesday, May 5, 2021

 

തിരുവനന്തപുരം :  മേയ് പകുതിയോടെ സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനം തീവ്രമാകുമെന്ന് വിലയിരുത്തല്‍. ഒരാഴ്ച സമ്പൂര്‍ണ അടച്ചിടല്‍ പരിഗണനയിലാണ്.  എട്ടു ജില്ലകളില്‍ ടിപിആര്‍ 25 നു മുകളിലെത്തി. രണ്ടാഴ്ച കൂടി രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു നിൽക്കുമെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ രോഗവ്യാപനം രൂക്ഷമായേക്കും. തിരുവനന്തപുരത്ത് കിടത്തി ചികില്‍സ ആവശ്യമുളള പ്രതിദിന രോഗികളുടെ എണ്ണം 4000 വരെ ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തൽ.

ഇതിനനുസരിച്ച് ഐസിയു കിടക്കകള്‍ വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക് 10.31 ആണ്. ദേശീയ ശരാശരി 6.92 മാത്രമാണ്. മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 100 പേരെ പരിശോധിക്കുമ്പോള്‍ 30 ലേറെപ്പേരും കൊവിഡ് ബാധിതരാണ്. തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഗുരുതര സാഹചര്യം നിലനിൽക്കുന്നുണ്ട്.

ഈ ഘട്ടത്തിലാണ് ഒരാഴ്ച സമ്പൂര്‍ണ അടച്ചിടലിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നത്. ലോക്ഡൗണ്‍ വേണമെന്ന് ആരോഗ്യവകുപ്പും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഞായറാഴ്ച വരെയുളള കടുത്ത നിയന്ത്രണങ്ങളുടെ ഫലം നോക്കിയശേഷം തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നാണ് വിവരം.