കൊവിഡ് പരിശോധനയിൽ സർക്കാരിന്‍റെ ഒളിച്ചുകളി; ആരോഗ്യ വകുപ്പ് പുറത്തുവിടുന്ന കണക്കുകളിൽ പൊരുത്തക്കേട്, കൂടുതൽ തെളിവുകൾ പുറത്ത്

Jaihind News Bureau
Tuesday, May 5, 2020

കൊവിഡ് 19 പരിശോധനയിൽ സർക്കാർ ഒളിച്ചു കളി നടത്തുന്നതായുള്ള ആരോപണങ്ങൾ ശരിവയ്ക്കുന്ന കണക്കുകൾ പുറത്ത്. അവ്യക്തത നിലനില്‍ക്കുന്നതും  റീടെസറ്റ് ചെയ്ത സാമ്പിളികളുടെ പരിശോധന ഫലം പുറത്ത് വിടാത്തതും ഇക്കാര്യത്തിലെ ദുരൂഹത വർധിപ്പിക്കുന്നു. പരിശോധന ഫലം സംബന്ധിച്ച സർക്കാരിന്‍റെ കണക്കുകളിലും പൊരുത്തക്കേടുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം കുറച്ച് കാണിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലന്നും ആക്ഷേപം ഉയരുകയാണ്.

കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകളില്‍ 33,010 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് 19 പരിശോധന നടത്തിയത്. ഇത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തീരെ കുറവാണ്.  ഒട്ടേറെ പരിശോധനകളുടെ ഫലം പുറത്തുവിടാത്തതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ആശയക്കുഴപ്പം നിലനില്‍ക്കുന്ന 18 സാമ്പിളുകളുടേയും റീടെസ്റ്റ് നടത്തിയ 36 സാമ്പിളിന്‍റേയും ഫലം ഇതുവരെ പുറത്തുവരാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു.

പരിശോധന വര്‍ധിപ്പിക്കാന്‍ ഓഗ്മെന്റ് സ്ട്രാറ്റജി 26 മുതല്‍ ആരോഗ്യവകുപ്പ് ആരംഭിച്ചിരുന്നു. ഇതില്‍ 3085 സാമ്പിളുകള്‍ നെഗറ്റീവാണ്‌. 4 സാമ്പിളുകള്‍ പോസിറ്റീവെന്നും 21 സാമ്പിളുകള്‍ നിരസിച്ചുവെന്നും 18 എണ്ണത്തില്‍ അവ്യക്തത ഉണ്ടെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാല്‍ നെഗറ്റീവും പോസിറ്റീവും അല്ലാത്ത സാമ്പിളുകളുടെ ഫലങ്ങള്‍ എന്തായിയെന്ന് വ്യക്തമായി പുറത്തുവിടുന്നില്ല. ഒപ്പം തന്നെ മെയ് മാസത്തിലെ ബുള്ളറ്റിനില്‍ റീടെസ്റ്റ് ചെയ്ത 35 സാമ്പിളിനെക്കുറിച്ചും പരാമര്‍ശമില്ല. ആരോഗ്യവകുപ്പിന്‍റെ ഡാഷ്ബോര്‍ഡില്‍ പറയുന്ന കണക്കുകളിലും അവ്യക്തത നില നില്‍ക്കുന്നു. ഡാഷ്ബോര്‍ഡില്‍ ഓഗ്മെന്റ് സാമ്പിള്‍ ഇല്ല എന്നതും അനാസ്ഥയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. പരിശോധനകളുടെ എണ്ണം കുറച്ച് കൊവിഡ് നിയന്ത്രണം വിധേയമാണെന്ന് സ്ഥാപിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ആരോപണമുയരുന്നുണ്ട്.

https://www.facebook.com/JaihindNewsChannel/videos/718427652232730