ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ട്രൂനെറ്റ് റാപ്പിഡ് പിസിആര്‍ ടെസ്റ്റ് മെഷീന്‍ ജില്ലാ ആശുപത്രിയിലെത്തി; കൊവിഡ് പരിശോധനയില്‍ പാലക്കാട് സ്വയംപര്യാപ്തതയിലേക്ക്

 

കൊവിഡ് വൈറസ് പരിശോധനയില്‍ പാലക്കാട് സ്വയംപര്യാപ്തതയിലേക്ക്. പരിശോധനാഫലം വേഗത്തില്‍ ലഭിക്കുന്ന ട്രൂനെറ്റ് റാപ്പിഡ് പിസിആര്‍ ടെസ്റ്റ് മെഷീന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.  പരിശോധനയ്ക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ തന്നെ സൗകര്യമൊരുക്കുന്നതിനു വേണ്ടി ഷാഫി പറമ്പില്‍ എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നും 17.82 ലക്ഷം രൂപ ചെലവഴിച്ചാണ് മെഷീന്‍ സ്ഥാപിച്ചത്.

രോഗലണക്ഷണമുളളവരുടെ സാംപിളുകൾ നിലവില്‍ ത്യശ്ശൂർ മെഡിക്കൽ കോളേജിലേക്കയച്ചാണ് പരിശോധിക്കുന്നത്. അതേസമയം ട്രൂ നെറ്റ് പി സി ആർ ടെസ്റ്റ് മെഷീൻ ജില്ലാആശുപത്രിയിൽ സ്ഥാപിക്കുന്നതോടു കൂടി കൊവിഡ് മാത്രമല്ല മറ്റു വൈറസുകളുടെ പരിശോധനയ്ക്കും ഇനി തൃശൂർ മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന അവസ്ഥ ഉണ്ടാകില്ലെന്നും ഇത് വൈറസ് പരിശോധനാ രംഗത്ത്  പാലക്കാട് സ്വയം പര്യാപ്തതയിലേക്കെത്തുന്നതിനുളള പ്രധാനപ്പെട്ട ചുവടു വയ്പാണെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കോവിഡ് -19 പരിശോധനാഫലം വേഗത്തിൽ ലഭിക്കുന്ന, MLA ഫണ്ടിൽ നിന്ന് അനുവദിച്ച ട്രൂനെറ്റ് റാപ്പിഡ് പി. സി. ആർ. ടെസ്റ്റ് മെഷീൻ ജില്ലാ ആശുപത്രിയിലെത്തി. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഈ മെഷീൻ ആദ്യമായി സ്ഥാപിക്കുന്നത് പാലക്കാടായിരിക്കും .

കോവിഡ് പരിശോധനയ്ക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ തന്നെ സൗകര്യമൊരുക്കുന്നതിനു് വേണ്ടി എം.എൽ.എ യുടെ ആസ്തി വികസനഫണ്ടിൽ നിന്നും 17.82 ലക്ഷം രൂപ ചെലവ് ചെയ്താണ് ഉപകരണം സ്ഥാപിക്കുന്നത്.

രോഗലണക്ഷണമുളളവരുടെ സാംപിളുകൾ ഇപ്പാൾ ത്യശ്ശൂർ മെഡിക്കൽ കോളേജിലയച്ച് കൊടുത്താണ് പരിശോധിക്കുന്നത് . പരിശോധനാ ഫലത്തിനുവേണ്ടി രണ്ടു മൂന്നു ദിവസം കാത്തിരക്കേണ്ട ദുരവസ്ഥയ്ക്ക് പരിഹാരമാവുകയാണ്. പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിയിട്ടുളള ട്രൂനെറ്റ് റാപ്പിഡ് പി. സി. ആർ. ടെസ്റ്റ് മെഷീനിൽ നടത്തുന്ന പരിശോധനകൾക്കുളള പരിശീലനം ഉപകരണം നിർമ്മിച്ച കമ്പനിയിൽ നിന്നുളള വിദഗ്ദർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്കും ലാബ് ടെക്നിഷ്യൻമാർക്കും നൽകിക്കൊണ്ടിരിക്കുകയാണ്.

ഈ വൈറസ് പരിശോധനാ ഉപകരണം ബയോ സേഫ്ടി ലെവൽ -2 ക്യാബിനറ്റിനകത്താണ് സജ്ജീകരിക്കേണ്ടത്. ബയോ സേഫ്ടി ലെവൽ -2 ക്യാബിനറ്റ് KMSCL മുഖേന ജില്ലാ ആശുപത്രിയിൽ ഈ ആഴ്ച തന്നെ എത്തുന്നതായിരിക്കും. ഇതിനുളള ചെലവും എം.എൽ.എ യുടെ ആസ്തി വികസനഫണ്ടിൽ നിന്നു തന്നെയാണ് നൽകിയിട്ടുളളത്. ബയോ സേഫ്ടി ലെവൽ – 2 ക്യാബിനറ്റിനകത്ത് മെഷീൻ സ്ഥാപിച്ചശേഷം ഐ സി എം ആർ അംഗീകാരത്തിനുള്ള നടപടി ആരംഭിക്കുന്നതാണ് . കോവിഡിൻറെ പ്രത്യേക പശ്ചാത്തലത്തിൽ ICMR അംഗീകാരം സർക്കാർ ആശുപത്രി എന്ന പരിഗണന നൽകി കൊണ്ട് വേഗത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുവേണ്ടി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഐ സി എം ആർ അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ വൈറസ് പരിശോധന പാലക്കാട് ജില്ലാ ആശുപത്രിയിൽ തന്നെ നടത്താൻ കഴിയും. പരിശോധനാ കിറ്റ് ഒന്നിന് 1444 രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത് . രോഗ വ്യാപന സാധ്യത മുന്നിൽ കണ്ട് കൂടുതൽ ടെസ്റ്റ് കിറ്റ് വാങ്ങി സൂക്ഷിക്കേണ്ടതുണ്ട് . ഇതിനുള്ള തുക സർക്കാരിൽ നിന്ന് ലഭിക്കുന്നതിന് വേണ്ടിയുള്ള ശ്രമം ജില്ലാ കളക്ടർ മുഖേന നടത്തുന്നതായിരിക്കും. ഇതിന് തടസ്സം ഉണ്ടാക്കുന്നപക്ഷം എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന് തന്നെ പ്രാരംഭഘട്ടങ്ങൾക്കുവേണ്ടിയുളള തുക കൂടി അനുവദിക്കാൻ തയ്യാറാണെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ടിനേയും ജില്ലാ കളക്ടറേയും അറിയിച്ചിട്ടുണ്ട്.
ട്രൂ നെറ്റ് പി സി ആർ ടെസ്റ്റ് മെഷീൻ ജില്ലാആശുപത്രിയിൽ സ്ഥാപിക്കുന്നതോടു കൂടി കോവിഡ് മാത്രമല്ല മറ്റു വൈറസുകളുടെ പരിശോധനയ്ക്കും ഇനി തൃശൂർ മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന അവസ്ഥ ഉണ്ടാവില്ല. ഇത് വൈറസ് പരിശോധനാ രംഗത്തു് പാലക്കാട് സ്വയം പര്യാപ്തതയിലേക്കെത്തുന്നതിനുളള പ്രധാനപ്പെട്ട ഒരു ചുവട് ആണ്

Comments (0)
Add Comment