കൊവിഡ് പ്രതിരോധം : മുന്നേ നടന്ന് ഉമ്മന്‍ ചാണ്ടി ; സർക്കാർ പ്രഖ്യാപിച്ചത് പുതുപ്പള്ളി മോഡല്‍

Jaihind Webdesk
Sunday, June 6, 2021

തിരുവനന്തപുരം : സംസ്ഥാന ബജറ്റില്‍ കൊവിഡ് പ്രതിരോധത്തിന് എംഎല്‍എ ഫണ്ട് ഉപയോഗിക്കാമെന്ന് ധനമന്ത്രി പ്രഖ്യാപിക്കുന്നതിനു മുന്‍പേ പുതുപ്പള്ളിയില്‍ പദ്ധതി നടപ്പാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കഴിഞ്ഞയാഴ്ചയാണ് എംഎല്‍എ ഫണ്ടില്‍ നിന്ന് പാമ്പാടി ആശുപത്രിക്ക് അദ്ദേഹം ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ തുക അനുവദിച്ചത്.

കൊവിഡ് പ്രതിരോധത്തിനായി ‘കൊവിഡ് റിലീഫ് അറ്റ് പുതുപ്പള്ളി’ എന്ന പേരില്‍ പദ്ധതിയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇരുന്നൂറിലേറെ വോളന്റിയര്‍മാരാണ് പദ്ധതിയുടെ ഭാഗമായി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുള്ളത്.

തോട്ടയ്ക്കാട് കോവിഡ് സെന്റർ , വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം, അയർക്കുന്നം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, മുണ്ടൻകുന്ന് കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഉമ്മന്‍ ചാണ്ടി  വിതരണം ചെയ്തു. പൾസ് ഓക്സിമീറ്റർ ചലഞ്ചും കൊവിഡ് റിലീഫ് അറ്റ് പുതുപ്പള്ളിയുടെ ഭാഗമായി ആവിഷ്കരിച്ചിട്ടുണ്ട്.

പൾസ് ഓക്സിമീറ്റർ ചലഞ്ചിൽ നിന്നും ലഭിച്ച ഓക്സിമീറ്ററുകൾമണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസധനങ്ങൾ, സിഎഫ്എല്‍ഡിസികൾ, ഡിസിസികൾ എന്നിവിടങ്ങളിലും ആശാ വർക്കർമാർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർക്കും വിതരണം ചെയ്തു.