കൊവിഡ്: ശശി തരൂര്‍ എം.പിയുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ തിരുവനന്തപുരത്തെത്തിച്ചു; നന്ദി അറിയിച്ച് മുഖ്യമന്ത്രി

 

തിരുവനന്തപുരം:  ശശി തരൂര്‍ എം.പിയുടെ പ്രാദേശിക ഫണ്ടുപയോഗിച്ച് വാങ്ങിയ  കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ തിരുവനന്തപുരത്തെത്തിച്ചു. 1000 കിറ്റുകളാണ് തിരുവനന്തപുരത്തെത്തിയത്. മുഖ്യമന്ത്രി ഏറ്റുവാങ്ങിയ കിറ്റുകള്‍ ജില്ലയിലെ ഉപയോഗത്തിനായി കളക്ടര്‍ക്കും ഡിഎംഒയ്ക്കും കൈമാറി. കൊവിഡ് മരണം നടന്ന പോത്തന്‍കോടാകും  ഇവ ആദ്യം ഉപയോഗിക്കുക.  2000 കിറ്റുകള്‍ കൂടി ഞായറാഴ്ചയെത്തും. ടെസ്റ്റ് കിറ്റുകള്‍ അനുവദിച്ച ശശി തരൂര്‍ എം.പിക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു.

അതേസമയം കൊവിഡ് 19 റാപിഡ്  ടെസ്റ്റിംഗ് ഡിവൈസുകൾ വികസിപ്പിക്കുന്നതിനായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന് ശശി തരൂര്‍ എം.പി നേരത്തെ 1 കോടി രൂപ അനുവദിച്ചിരുന്നു. റാപിഡ്  ടെസ്റ്റിംഗ് നടത്തുക വഴി മാത്രമാണ് കൊവിഡിന്‍റെ സമൂഹ വ്യാപനം നിരീക്ഷിക്കാനും തടയാനും സാധിക്കുകയുള്ളു. നിലവിൽ ഇത് പരിമിതമായ സ്ഥലങ്ങളിൽ 24 മണിക്കൂർ വരെ സമയമെടുത്താണ് നടത്തുന്നത്.

ലോകത്ത് ചില സ്ഥാപനങ്ങളും ഇന്ത്യയിൽ ഒരു സ്വകാര്യ കമ്പനിയും 15 മിനുട്ടിൽ ഫലം ലഭ്യമാക്കുന്ന കിറ്റുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും കടുത്ത ലഭ്യത കുറവും വളരെ ഉയർന്നവിലയും ഇവ വാങ്ങുന്നതിനും സാധാരണക്കാർക്ക്  പ്രാപ്തമാക്കുന്നതിനും തടസമായിരുന്നു.

 

Comments (0)
Add Comment