യുഎഇയിലെ പ്രവാസികളുമായി സംവദിച്ച് രമ്യ ഹരിദാസ് എം പി: പരാതികളും നിര്‍ദേശങ്ങളും ക്ഷമയോടെ കേട്ടു; ആവേശമാക്കി ഓണ്‍ലൈന്‍ യോഗം

Jaihind News Bureau
Monday, April 27, 2020

ദുബായ് : കോവിഡ്-19 മായി ബന്ധപ്പെട്ട് പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കു നേരേ
കണ്ണടച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നയം തിരുത്തിക്കാന്‍ കേരളത്തിലെ എല്ലാ എം.പിമാരും ചേര്‍ന്ന്, ശക്തമായ ഇടപെടല്‍ നടത്തുമെന്ന് ആലത്തൂര്‍ എം.പി രമ്യ ഹരിദാസ് പറഞ്ഞു. ഇന്‍കാസ് യുഎഇ കമ്മിറ്റി, ദുബായ് ഇന്‍കാസ് വോളണ്ടിയര്‍ ടീം, ഇന്‍കാസ് യൂത്ത് വിംഗ്, ഇന്‍കാസ് വനിതാ വിംഗ് എന്നിവര്‍ സംയുക്തമായി നടത്തിയ
ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പ്രവാസി പ്രതിനിധികളുമായി രമ്യ ഹരിദാസ് എം പി ഏറെ നേരം സംവദിച്ചു. പരാതികളും നിര്‍ദേശങ്ങളും അവര്‍ എഴുതിയിടുത്തു. യാത്രാ നിയന്ത്രണം കാരണം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത ഗര്‍ഭിണികള്‍, രോഗികള്‍, സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍, എന്നിവരുടെ പ്രശ്‌നങ്ങള്‍ അംഗങ്ങള്‍ എം.പിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇന്‍കാസ് വോളണ്ടിയര്‍ ടീമിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളെയും അവര്‍ അഭിനന്ദിച്ചു. ഇന്‍കാസ് യൂത്ത് വിംഗ് പ്രസിഡണ്ട് ഹൈദര്‍ തട്ടത്താഴത്ത് ഓണ്‍ ലൈന്‍ യോഗം നിയന്ത്രിച്ചു.

ഇന്‍കാസ് യു.എ.ഇകമ്മിറ്റി ആക്റ്റിംഗ് പ്രസിഡണ്ട് ടി.എ.രവിന്ദ്രന്‍ ,ദുബായ് പ്രസിഡണ്ട് എന്‍.ആര്‍.
മായന്‍, യുഎഇ വൈസ് പ്രസിഡണ്ട് എന്‍.പി.രാമചന്ദ്രന്‍ , ഷാജി പി കാസിം , ബി.പവിത്രന്‍, ജിജോ ചിറക്കല്‍ , ദീപ അനീല്‍, സുജിത്ത് അഹ്മ്മദ് ,രാജി എസ് നായര്‍, സിന്ധു മോഹന്‍, എലിസബത്ത് ജോബല്‍ , ബിപിന്‍ ജേക്കബ്, മിര്‍ഷാദ് നുള്ളിപടി, ഫിറോസ് പി.വി, ഷൈജു അമ്മാനപാറ , സനീഷ് കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.