കൊവിഡ് പ്രൊട്ടോകോള്‍ ലംഘനം: എറണാകുളം പോത്തീസിനെതിരെ നടപടി

Jaihind Webdesk
Sunday, August 8, 2021

കൊച്ചി : എറണാകുളം പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റിനെതിരെ ജില്ലാ കളക്ടറുടെ നടപടി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയതിനാണ് നടപടി. ജില്ലയിലെ 1000 അതിഥി സംസ്ഥാന തൊഴിലാളികളുടെ വാക്സിന്‍ ചെലവ് വഹിക്കാന്‍ പോത്തീസിന് എറണാകുളം ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് പ്രവർത്തിച്ച തിരുവനന്തപുരം പോത്തീസ് വസ്ത്രശാലയുടെ ലൈസൻസ് നഗരസഭ  നേരത്തെ റദ്ദാക്കിയിരുന്നു.

സൂപ്പർമാർക്കറ്റിനെതിരെ നടപടിയെടുത്ത വിവരം കളക്ടറാണ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയത്. എന്നാൽ സ്ഥാപനത്തിന്‍റെ പേര് പോസ്റ്റിൽ പരാമർശിച്ചിട്ടില്ല.

‘ഷോപ്പുകളില്‍ ആളുകളെ പ്രവേശിപ്പിക്കുമ്പോള്‍ പാലിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദേശിച്ച കോവിഡ് പ്രോട്ടോകോളില്‍ ഒന്നുപോലും കൊച്ചിയിലെ ഒരു പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് പാലിച്ചില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഷോപ്പില്‍ ജോലിചെയ്യുന്നവര്‍ക്കും ഇവിടേയ്ക്ക് വന്നര്‍ക്കും വലിയതോതില്‍ കോവിഡ് പടരാന്‍ ഈ സ്ഥാപനത്തിന്റെ ഈ അലംഭാവം കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ സമിതി ചെയര്‍മാൻ കൂടിയായ ജില്ലാകളക്ടർ 2005 ലെ ദുരന്തനിവാരണ നിയമത്തിലെ 34-ാം വകുപ്പ് പ്രകാരം ഏഴ് ദിവസത്തിനകം 1000 അതിഥി തൊഴിലാളികള്‍ക്ക് സ്ഥാപനത്തിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ഉത്തരവിടുന്നു.’