കൊവിഡ്: പൊലീസ് സേനയെ കൂടി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം: എ.കെ.ആന്‍റണി

ന്യൂഡല്‍ഹി : കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാവര്‍ക്കായി പ്രഖ്യാപിച്ച 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ പൊലീസ് സേനയെ കൂടി ഉള്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി എം.പി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് അദ്ദേഹം കത്ത് നല്‍കി.

ഏറ്റവും അപായ സാധ്യതയുള്ള ജോലി ചെയ്യുന്നവരാണ് പൊലീസ് സേനയില്‍പ്പെട്ടവര്‍. പൊതുജനങ്ങളുമായി നിരന്തരം ഇടപഴകുന്നവര്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജീവന്‍പോലും പണയപ്പെടുത്തിയാണ് ജോലി ചെയ്യേണ്ടിവരുന്നത്. പലപ്പോഴും രോഗബാധിതരാണോ, അല്ലയോ എന്ന് അറിയാത്തവരുമായിപ്പോലും ഇടപഴകേണ്ടവരും.

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ശുചീകരണ തൊഴിലാളികള്‍, ആശാ വര്‍ക്കേഴ്‌സ് തുടങ്ങിയവരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവര്‍ക്കൊപ്പം പൊലീസ് സേനയില്‍പ്പെട്ടവരെ കൂടി ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം തികച്ചയും ന്യായമാണെന്ന് ആന്‍റണി കത്തില്‍ ചൂണ്ടിക്കാട്ടി.

Comments (0)
Add Comment