കൊവിഡ് രോഗികളുടെ വിവരചോര്‍ച്ച ആശങ്കാജനകം; സി.ബി.ഐ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Monday, April 27, 2020

തിരുവനനിത  കാസര്‍ഗോഡും കണ്ണൂരും കൊവിഡ് രോഗബാധിതരുടെയും ക്വാറന്‍റീനിലുള്ളവരുടെയും വിവരങ്ങള്‍ ചോര്‍ന്നത് അതീവ ആശങ്ക ഉളവാക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍. വ്യക്തിഗത വിവരങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ചോരുന്നത് ഗൗരവമേറിയതാണ്. രോഗികളുടേയും സമ്പര്‍ക്ക പട്ടികയിലുള്ളവരുടേയും വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ വീഴ്ചയാണ് ഇതിലൂടെ പുറത്തുവരുന്നത്.

ആരോഗ്യവകുപ്പ് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് തയ്യാറാക്കിയ സോഫ്ട് വെയറില്‍ നിന്നാണ് വിവരങ്ങള്‍ പുറത്ത് പോയത്. പൊലീസിന്റെ കൈയ്യിലുള്ള രോഗികളുടെ പേര്, മേല്‍വിലാസം,ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ചോര്‍ന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഐടി സൊല്യൂഷനില്‍ നിന്നും രോഗികളായിരുന്നവരെ ഫോണില്‍ വിളിക്കുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ഇതിനു പുറമെ ചില സ്വകാര്യ ആശുപത്രികളും തുടര്‍ചികിത്സക്കായി എത്തണമെന്ന് രോഗബാധിതരായിരുന്നവരോട് ആവശ്യപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൊലീസിന്റെ അതിവ രഹസ്യങ്ങള്‍ അടങ്ങുന്ന ഡാറ്റ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിക്ക് നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാരില്‍ നിന്നും ഇതിന് അപ്പുറവും പ്രതീക്ഷിക്കാമെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

ഈ വിഷയത്തെ സര്‍ക്കാര്‍ അതീവ ലാഘവത്തോടെയാണ് കാണുന്നതെന്നതിന് തെളിവാണ് കൊവിഡ് ബാധിതരുടെ വ്യക്തിഗത വിവരങ്ങള്‍ പുറത്ത് പോയതില്‍ അത്ഭുതപ്പെടാനില്ലെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന. വിവരചോര്‍ച്ചയെ ന്യായീകരിക്കാന്‍ മന്ത്രി പറയുന്ന വാദങ്ങളും ബാലിശമാണ്. ഡാറ്റ ചോര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന സ്പ്രിങ്ക്ളര്‍ ഇടപാടിനെ ന്യായീകരിക്കുന്നവരില്‍ നിന്നും സമാനപ്രതികരണം ഉണ്ടായതില്‍ ആശ്ചര്യപ്പെടാനില്ല. ഡാറ്റാ ചോര്‍ച്ചയെ കുറിച്ചും അതിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ചും പ്രമേയം പാസ്സാക്കിയ സി.പി.എം സൗകര്യപൂര്‍വ്വം നിലപാടുകള്‍ വിസ്മരിക്കുന്നത് ശരിയല്ല.

കൊവിഡ് രോഗബാധിതരുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തെ നിസ്സാരമായി കാണാന്‍ സാധിക്കില്ല. പൗരന്‍മാരുടെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നും തന്നെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.