കൊയിലാണ്ടിയിൽ കൊവിഡ് രോഗി മരിച്ചത് ചികിത്സ ലഭിക്കാതെയെന്ന് പരാതി

Jaihind News Bureau
Saturday, October 17, 2020

കോഴിക്കോട് : കൊയിലാണ്ടിയിൽ കൊവിഡ് രോഗി മരിച്ചത് ചികിത്സ ലഭിക്കാതെയെന്ന് പരാതി. കൊയിലാണ്ടി കണ്ടോത്ത് കുഞ്ഞഹമ്മദ് ആണ് മരിച്ചത്. വീട്ടിൽ ക്വാറന്‍റൈനില്‍ ആയിരുന്നു.  രോഗി അബോധാവസ്ഥയിലായി മണിക്കൂറുകൾ പിന്നിട്ടിട്ടും ആരോഗ്യവകുപ്പ് തിരിഞ്ഞുനോക്കിയില്ലെന്നും ബന്ധുക്കള്‍.

കൊയിലാണ്ടി കണ്ടോത്ത് കുഞ്ഞമ്മദ് ഹാജിയെ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നിട്ടും കുഞ്ഞമ്മദ് ഹാജിയെ ആശുപത്രിയിൽ ചികിത്സ നൽകാൻ അധികൃതർ തയ്യാറായിരുന്നില്ല. തുടർന്നുള്ള ദിവസങ്ങളിൽ കുഞ്ഞമ്മദ് ഹാജിയുടെ മകന്‍റെ ഭാര്യക്കും രണ്ടു മക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഇന്നലെ രാത്രി എട്ടുമണിയോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ കുഞ്ഞമ്മദ് ഹാജി അബോധാവസ്ഥയിലായി. തുടർന്ന് വീട്ടുകാർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല. നിരന്തരം വിളിച്ചിട്ടും കുഞ്ഞമ്മദ് ഹാജിയെ ആശുപത്രിയിലേക്ക് മാറ്റിയില്ല. ഒടുവിൽ മൂന്നു മണിക്കൂറോളം കാത്തുനിന്ന ശേഷം പ്രദേശത്തെ സന്നദ്ധപ്രവർത്തകർ ചേർന്നാണ് കുഞ്ഞമ്മദ് ഹാജി ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തുവന്നപ്പോൾ ആംബുലൻസ് ഉണ്ടായിരുന്നില്ല എന്നുള്ള വിശദീകരണമാണ് ആരോഗ്യവകുപ്പ് നൽകിയത്. എന്നാൽ ഈ സമയങ്ങളിൽ ആശുപത്രിയുടെ മുറ്റത്ത് ആംബുലൻസ് ഉണ്ടായിരുന്നതായാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. കൊവിഡ് രോഗിയായ വയോധികന് ചികിത്സ നിഷേധിച്ച സംഭവത്തിൽ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.