ഇതോ കരുതലിന്‍റെ കേരള മോഡല്‍?; കൊവിഡ് രോഗി ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയത് പുഴുവരിച്ച നിലയില്‍; ഗുരുതര അനാസ്ഥ

Jaihind News Bureau
Monday, September 28, 2020

 

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സയിലിരിക്കെ കൊവിഡ് പോസിറ്റീവായ വ്യക്തി ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയത് പുഴുവരിച്ച നിലയില്‍. വട്ടിയൂർക്കാവ് സ്വദേശി അനില്‍കുമാറിനാണ് ദുരവസ്ഥ ഉണ്ടായത്. സംഭവത്തില്‍ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി. കഴിഞ്ഞമാസം 21ന് ജോലി കഴിഞ്ഞ് മടങ്ങിവരും വഴി തെന്നി വീണാണ് അനില്‍ കുമാറിന് പരിക്കേറ്റത്.

ആദ്യം പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ച അനില്‍ കുമാറിനെ 22 ന് പുലര്‍ച്ചെ മെഡിക്കല്‍ കോളേജ് ഐസിയുവിലേയ്ക്ക് മാറ്റി. ഐസിയുവില്‍ ചിലര്‍ക്ക് പോസിറ്റീവായതിനെത്തുടര്‍ന്ന് 26 ന് കൊവിഡ് പരിശോധന നടത്തിയപ്പോള്‍  ഈ മാസം 6ന് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയ്ക്കുശേഷം എല്ലും തോലുമായ ശരീരമായെന്നും കുടുംബം പറയുന്നു. ചികിത്സയ്ക്കു മുന്‍പ് ആരോഗ്യവാനായിരുന്നയാള്‍ ഈ അവസ്ഥയിലായതില്‍ ഭക്ഷണമെങ്കിലും കൊടുത്തിരുന്നോ എന്ന സംശയവും കുടുംബം പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.

ദിവസങ്ങള്‍ക്കിടെ ആരോഗ്യവകുപ്പിന്‍റെ ഗുരുതരവീഴ്ച തുറന്നുകാട്ടുന്ന രണ്ടാമത്തെ സംഭവമാണ് സംസ്ഥാനത്തുണ്ടാകുന്നത്. കൊവിഡ് മുക്തയായ ഗർഭിണിക്ക് ചികിൽസ 14 മണിക്കൂർ വൈകിയതിനു പിന്നാലെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം കഴിഞ്ഞദിവസമാണുണ്ടായത്.  കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കൊണ്ടോട്ടി കിഴിശേരി സ്വദേശിയായ ഇരുപതുകാരിക്കാണ് ദുരനുഭവം ഉണ്ടായത്.

പ്രസവ വേദന ആരംഭിച്ചതിനെ തുടർന്ന് ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് കൊണ്ടോട്ടി കിഴിശേരി സ്വദേശിയായ യുവതി മഞ്ചേരി മെഡിക്കൽ കോളേജിലത്തിയത്. ഇരട്ട കുട്ടികളെ ഗർഭം ധരിച്ച യുവതിക്ക് നേരത്തെ കൊവിഡ് ബാധിച്ചിരുന്നെങ്കിലും ഇക്കഴിഞ്ഞ 15ന് ആന്‍റിജൻ പരിശോധനയിൽ നെഗറ്റീവായി ക്വാറന്‍റൈനും പൂർത്തിയാക്കി. എന്നാൽ മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് പോസിറ്റിവ് ആയവർക്ക് മാത്രമാണ് ചികിത്സ നൽകുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിയെ മടക്കി അയച്ചതെന്ന് യുവതിയുടെ ഭർത്താവ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

മൂന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പ്രസവ ചികിത്സയ്ക്ക് കൊവിഡ് നെഗറ്റിവ് ആണന്ന ആന്‍റിജൻ പരിശോധനാ ഫലം പോരെന്നും ആർ.ടി പി.സി.ആർ ഫലം തന്നെ വേണമെന്നും സ്വകാര്യ ആശുപത്രികൾ നിർബന്ധം പിടിച്ചതിനാൽ അവിടെയും ചികിത്സ ലഭ്യമായില്ല. തുടർന്ന് വേദന സഹിച്ച് 14 മണിക്കൂറാണ് ചികിത്സ കിട്ടാതെ യുവതിക്ക് അലയേണ്ടി വന്നത്. ശേഷം ഇന്നലെ വൈകിട്ട് ആറിനാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ ലഭ്യമായത്. ഇന്ന് ആറ് മണിയോടെ യുവതി പ്രസവിച്ചെങ്കിലും രണ്ട് കുട്ടികളും മരണപ്പെടുകയായിരുന്നു.