കൊവിഡ് : സര്‍ക്കാർ പ്രഖ്യാപിച്ച പാക്കേജ് ആളുകളെ കബളിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, July 31, 2021

തൃശൂർ : കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജ് ആളുകളെ കബളിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാക്കേജുകൾക്ക് പണം നീക്കി വെച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കസ്റ്റംസ് കമ്മീഷണറുടെ ആരോപണത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ പാർട്ടി ഭയപ്പെടുന്നു എന്നും പ്രതിപക്ഷനേതാവ് ഇരിങ്ങാലക്കുടയിൽ പറഞ്ഞു.

സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് ഉത്തരവാദിത്വ പാക്കേജ് എന്ന് പറയാൻ കഴിയില്ല. 2000 കോടി രൂപയുടെ വായ്പാ ഇളവ് എന്ന് പറയുന്നത് തട്ടിപ്പാണ്. 40 കോടി രൂപ മാത്രമാണ് ഫലത്തിൽ ലഭിക്കൂ. റിക്കവറി നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കരുവന്നൂർ കേസിൽ പ്രതികളുടെ കസ്റ്റഡി സംബന്ധിച്ച് അവ്യക്തത തുടരുകയാണെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. ബാങ്കിൽ വൻ തട്ടിപ്പ് നടന്നു എന്നത് പാർട്ടി സംസ്ഥാന നേതൃത്വത്തിന് അറിയാമായിരുന്നു എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സഹകരണ ബാങ്കുകളുടെ സുരക്ഷതത്വം ഉറപ്പ് വരുത്തണം എന്നും അദ്ദേഹം കൂട്ടിചേർത്തു.