പ്രവാസികളുടെ മടക്കം: പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റുകൾക്ക് അനുമതി നൽകണം; എം കെ രാഘവൻ എം പി സുപ്രീംകോടതിയിൽ

Jaihind News Bureau
Saturday, April 11, 2020

ന്യൂഡൽഹി: കൊവിഡ്-19 വ്യാപനം ശക്തമായ സാഹചര്യത്തിൽ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവരും സുരക്ഷിതരല്ലാത്തവരുമായ പ്രവാസികളെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് നാട്ടിലെത്തിക്കാൻ പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റുകൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് എം കെ രാഘവൻ എം പി സുപ്രീംകോടതിയിൽ കേസ്‌ ഫയൽ ചെയ്തു. ഇതു സംബന്ധിച്ച്‌ വിദേശകാര്യ മന്ത്രാലയം, വ്യോമയാന മന്ത്രാലയം, കപ്പൽ ഗതാഗത മന്ത്രാലയം, കേരള സർക്കാർ എന്നിവർക്ക് മുന്നിൽ അപേക്ഷ നൽകിയെങ്കിലും ത്വരിതഗതിയിലുള്ള നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് അഡ്വ.എ കാർത്തിക് മുഖേന സുപ്രീംകോടതിയെ സമീപിച്ചത്. കേസ് കോടതി ഫയലിൽ സ്വീകരിച്ചു.

കോഴിക്കോട് ഉൾപ്പെടുന്ന മലബാർ മേഖലയിൽ നിന്ന് ലക്ഷക്കണക്കിന് പ്രവാസികളാണ് സൗദി അറേബ്യ, കുവൈത്ത്, യു എ ഇ, ഖത്തർ, ബഹറിൻ, ഒമാൻ തുടങ്ങിയ ജി സി സി രാജ്യങ്ങളിൽ ഉൾപ്പെടെ തൊഴിലെടുക്കുന്നത്. ഇവരിൽ അസംഘടിത തൊഴിലാളികൾ ധാരാളമുണ്ട്. എല്ലാവരെയും മടക്കി കൊണ്ടുവരണമെന്നല്ല, മറിച്ച് പ്രായമായവർ, ജോലി അന്വേഷിച്ച് വിസിറ്റ് വിസയിൽ ഗൾഫ് രാജ്യങ്ങളിലെത്തിയവർ, വിസിറ്റേഴ്സ് വിസയിൽ താത്കാലികമായ് ഗൾഫ് രാജ്യങ്ങളിലെത്തിയ കുടുംബങ്ങൾ, വിമാനങ്ങൾ റദ്ദാക്കിയതോടെ കുടുങ്ങിക്കിടക്കുന്ന ടൂറിസ്റ്റുകൾ, ഫ്ലൈറ്റുകള്‍ റദ്ദാക്കും മുമ്പ് തിരിച്ച് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചവർ, പ്രത്യേക മുന്നറിയിപ്പില്ലാതെ സ്ഥാപനങ്ങൾ ലീവ് നൽകിയവർ, പകർച്ചവ്യാധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർ, ഭക്ഷണമോ മരുന്നോ കൂലിയോ ലഭിക്കാതെ റൂമുകളിൽ കുടുങ്ങിക്കിടക്കുന്നവർ, മതിയായ സൗകര്യങ്ങളോ സുരക്ഷയോ ഇല്ലാതെ ലേബർ ക്യാമ്പുകളിൽ തിങ്ങിഞെരുങ്ങി കഴിയുന്നവർ, ഗർഭിണികൾ, വിവിധ രോഗങ്ങൾ അലട്ടുന്ന വ്യക്തികൾ, ബന്ധുക്കൾ നാട്ടിലായ സാഹചര്യത്തിലും ഗൾഫിൽ അകപ്പെട്ട കുട്ടികൾ തുടങ്ങിയ വിഭാഗങ്ങളുടെ പരിരക്ഷയാണ് എം കെ രാഘവൻ കോടതിക്ക് മുന്നിൽ അവതരിപ്പിച്ചത്.

പിന്നാക്കാവസ്ഥയിലുള്ള ഫിലിപ്പീൻസ്, ഒമാൻ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ ലോക്ഡൗൺ സമയത്ത് കേരളത്തിൽ നിന്ന് തങ്ങളുടെ തൊഴിലാളികളെ തിരികെ കൊണ്ടുപോയിട്ടുണ്ട്. കേരളം അതിഥി തൊഴിലാളികൾക്ക് നൽകുന്ന പരിഗണനയെങ്കിലും രാജ്യത്തിന്റെ ജി ഡി പി യിൽ ഏറ്റവും വലിയ സംഭാവന നൽകുന്ന പ്രവാസികൾക്ക് നൽകണം. 24 ലക്ഷം മലയാളികളാണ് ഔദ്യോഗിക കണക്ക് പ്രകാരം വിദേശങ്ങളിലുള്ളത്. അവരിൽ തിരികെ നാട്ടിൽ വരാൻ ആഗ്രഹിക്കുന്നവരെയും സുരക്ഷിതരല്ലാത്തവരെയും എത്തിക്കാൻ വിവിധ എയർലൈൻ കമ്പനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അത് സമയബന്ധിതമായി പ്രാവർത്തികമാക്കാൻ കോടതി ഇടപെടൽ അനിവാര്യമാണെന്ന് എം കെ രാഘവൻ ചൂണ്ടിക്കാട്ടി.