കേരളത്തിൽ ലോക്ക് ഡൗൺ; ഏഴ് ജില്ലകൾ അടച്ചിടും

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച കേരളത്തിലെ ഏഴ് ജില്ലകൾ അടച്ചിടും. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട കോട്ടയം, കാസർകോട് മലപ്പുറം, കണ്ണൂർ ജില്ലകളാണ് അടച്ചിടുക.  ഈ ജില്ലകളിൽ അവശ്യസേവനങ്ങൾ മാത്രമാകും ഉണ്ടാകുക. കൊവിഡ് ബാധ സ്ഥിരീകരിച്ച 75 ജില്ലകൾ അടച്ചിടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശമുണ്ടായിരുന്നു.

അതിനിടെ രാജ്യത്തെ എല്ലാ ട്രെയിൻ സർവീസുകളും മാർച്ച് 31 വരെ റദ്ദാക്കി. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കഴിഞ്ഞാൽ സർവീസ് അവസാനിപ്പിക്കും. ഇന്ന് 12 മണിക്ക് ശേഷം സർവീസുകളൊന്നും ആരംഭിക്കാൻ പാടില്ല. ട്രെയിൻ യാത്രയിലൂടെ കൊവിഡ് പകരുന്നത് തടയാനാണ് റെയിൽവേയുടെ നടപടി. അതേസമയം മുംബൈ-ജബൽപൂർ ഗോൾഡൻ എക്‌സ്പ്രസിലെ 4 യാത്രക്കാർക്കും ആന്ധ്ര സമ്പർക്ക് ക്രാന്തി എക്‌സ്പ്രസിലെ 8 യാത്രക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കൊവിഡ് ബാധയെത്തുടർന്ന് രാജ്യത്ത് ഇന്നും മൂന്ന്  പേർ മരണപ്പെട്ടു. മഹാരാഷ്ട്രയിൽ 56കാരനും ബിഹാറിൽ 38കാരനും ഗുജറാത്തില്‍ 69കാരനുമാണ് മരിച്ചത്. മൂന്നുപേരും ചികിത്സയിലായിരുന്നു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 314ആയി. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

 

Comments (0)
Add Comment