നിയന്ത്രണങ്ങളിലും കുറയാതെ കൊവിഡ് ; ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

Jaihind Webdesk
Sunday, April 25, 2021

ന്യൂഡല്‍ഹി : കൊവിഡ് അതിരൂക്ഷമായി പിടിമുറുക്കിയ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. മെയ് 3 വരെ ലോക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ തീവ്രത ഏറ്റവുമധികം അറിഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് ഡല്‍ഹി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും കേസുകള്‍ക്ക് ഗണ്യമായ വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഏപ്രില്‍ 26 തിങ്കളാഴ്ച വരെ ആറു ദിവസത്തേക്കാണ് നേരത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനാലാണ് ഇത് അടുത്ത തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിവരെ നീട്ടിയത്.  രാജ്യതലസ്ഥാനത്ത് ഓക്സിജന്‍ പ്രതിസന്ധിയും രൂക്ഷമാണ്.  ആശുപത്രികളില്‍ പ്രാണവായു ഇല്ലാതെ കൊവിഡ് രോഗികള്‍ കൂട്ടമരണങ്ങള്‍ക്ക് വഴിവെച്ചതോടെ സംസ്ഥാനങ്ങളോട് കെജ്‌രിവാള്‍ സഹായം അഭ്യർത്ഥിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും അതൊന്നും തികയാത്ത തരത്തിലുള്ള പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം  പറഞ്ഞു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ നമ്മള്‍ ഒരു ഭീകരമായ  വിപത്തിനെ അഭിമുഖീകരിച്ചേക്കാമെന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്.

അതേസമയം രാജ്യത്തെ ജനങ്ങള്‍ പ്രാണവായുവിനായി അപേക്ഷിക്കുമ്പോഴും കാര്യക്ഷമമായ നടപടികള്‍ കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന വ്യാപക പരാതി നിലനില്‍ക്കുന്നുണ്ട്. ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നിയച്ചത്. അതിനിടെ അടിയന്തരമായി ഓക്സിജന്‍ ആവശ്യപ്പെട്ട് ശനിയാഴ്ചയും വിവിധ ആശുപത്രികള്‍ ഹൈക്കോടതിയെ സമീപിച്ചു. കൊവിഡ് രോഗികളുടെ എണ്ണവും ഒപ്പം മരണനിരക്കും രാജ്യതലസ്ഥാനത്ത് അനുദിനം കൂടുകയാണ്.