രാജ്യത്ത് 1.20 ലക്ഷം പുതിയ കൊവിഡ് കേസുകള്‍ ; രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ കണക്ക്

Jaihind Webdesk
Saturday, June 5, 2021

ഡല്‍ഹി : രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം 1.20 ലക്ഷമായി കുറഞ്ഞു. 59 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ മാസത്തെ പകുതി കേസുകളും ഗ്രാമീണ മേഖലയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. കർണാടകം, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം പ്രതിദിന കൊവിഡ് മരണങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തയാറാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, സ്വകാര്യ ആശുപത്രികൾക്ക് നൽകിയ വാക്സീനുകളിൽ പകുതിയും വൻകിട കോർപ്പറേറ്റുകൾ കൈയ്യടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഒമ്പത് വലിയ ആശുപത്രികൾക്കാണ് പകുതി വാക്സീൻ കിട്ടിയത്. അതിനിടെ, കുട്ടികളിലെ വാക്സീന് രണ്ടാഴ്ചയ്ക്കകം അപേക്ഷ നല്‍കുമെന്ന് പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ സൈഡസ് കാഡില്ല അറിയിച്ചു. ഭാരത് ബയോടെക്കിന്‍റെ അപേക്ഷയ്ക്കൊപ്പം ഇതും പരിഗണിക്കും. സ്പുട്നിക് വാക്സീൻ ഉത്പാദനത്തിന് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി ലഭിച്ചിട്ടുണ്ട്.