കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് റെയില്‍വേ ; ട്രെയിനിൽ മാസ്ക് ശരിയായി ധരിച്ചില്ലെങ്കിൽ പിഴ

Jaihind Webdesk
Saturday, April 10, 2021

തിരുവനന്തപുരം: കൊവി‍ഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് റെയില്‍വേ. ട്രെയിൻ യാത്രയിൽ മുഖാവരണം ധരിക്കാത്തവർക്കെതിരെ നടപടി ശക്തമാക്കും. ട്രെയിനിനുള്ളിൽ പല യാത്രക്കാരും കൃത്യമായി മാസ്ക് ധരിക്കുന്നില്ലെന്ന് കണ്ടെതിനെ തുടർന്നാണ് നടപടി.

ട്രെയിനിൽ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കില്ല. പ്ലാറ്റ്ഫോമിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തും. വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാരെ സ്റ്റേഷന് ഉള്ളിലേക്ക് കടത്തില്ല. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള സ്റ്റേഷനുകളിൽ പ്ലാറ്റ്ഫം ടിക്കറ്റ് നൽകിയിരുന്നില്ല. ഈ നിയന്ത്രണം തുടരും.

മെമുവിൽ തിരക്ക് ഒഴിവാക്കാൻ പരിമിതമായ ടിക്കറ്റുകളേ നൽകു. യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ കൂടുതൽ സ്പെഷൽ ട്രെയിനുകൾ ഓടിക്കും.റെയിൽവേ ജീവനക്കാർക്ക് പ്രതിരോധ വാക്സിൻ നൽകാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. യാത്രക്കാരുമായി നേരിട്ട് ഇടപഴകുന്ന 45 വയസിന് മേൽ പ്രായമുള്ള ജീവനക്കാർക്കെല്ലാം വാക്സിൻ നൽകുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. 72 മണിക്കൂറിനുള്ളിൽ ‌ വാക്സിൻ വിതരണം പൂർത്തിയാക്കും.