കൊവിഡ്: കാസർകോട് കർശന നിയന്ത്രണം; ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി, അർധരാത്രി മുതൽ പ്രാബല്യത്തിൽ

Jaihind News Bureau
Friday, March 20, 2020

തിരുവനന്തപുരം: കാസർകോട് വെള്ളിയാഴ്ച ആറുപേർക്ക് കൊവിഡ്  സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വീകരിക്കേണ്ട കർശനനിയന്ത്രണങ്ങളുമായി ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ 2(1) പ്രകാരം ശക്തമായ നടപടികൾക്ക് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കാസർകോട് കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും അധികാരം നൽകിയിട്ടുണ്ട്.

ജില്ലയിലെ സർക്കാർ ഓഫീസുകളും മറ്റ് പൊതു, സ്വകാര്യ ഓഫീസുകളും ഒരാഴ്ച അടച്ചിടും. കടകൾ രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ മാത്രം പ്രവർത്തിക്കും. അവശ്യസർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. എല്ലാ ക്ലബ്ബുകളും സിനിമാശാലകളും രണ്ടാഴ്ച പ്രവർത്തിക്കില്ല. പൊതുസ്ഥലങ്ങളായ പാർക്കുകൾ, ബീച്ചുകൾ തുടങ്ങിയവയിൽ കൂട്ടംകൂടുന്നതിന് അനുവദിക്കില്ല. ഓഫീസുകൾ അവധിയാണെങ്കിലും ജീവനക്കാർ ജില്ല വിട്ടുപോകരുത്. കളക്ടർ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ജോലിയിൽ പ്രവേശിക്കാൻ അവർ സന്നദ്ധരായിരിക്കണം.

ഈ നിർദേശങ്ങൾ അനുസരിക്കാത്തവർ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188ാം സെക്ഷൻ പ്രകാരമുള്ള കുറ്റം ചെയ്തതായി കണക്കാക്കും. 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ 2(1) പ്രകാരം നടപടികൾക്ക് കാസർകോട് കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും അധികാരമുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് രാത്രിയോടെ ചീഫ് സെക്രട്ടറി പുറത്തിറക്കി. മാർച്ച് 21ന് വെളുപ്പിന് 12 മണിമുതൽ ഉത്തരവ് പ്രാബല്യത്തില്‍വരും.