കൊവിഡ്: ലോകത്ത് മരണം 1,80,000 കവിഞ്ഞു; ഇന്ത്യയില്‍ 652 മരണം

Jaihind News Bureau
Thursday, April 23, 2020

കൊവിഡിൽ ലോകത്ത് മരണനിരക്ക് വർധിക്കുന്നു. ആഗോളതലത്തിൽ ഇതുവരെ ഒരു ലക്ഷത്തി എൺപത്തി നാലായിരത്തിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തിൽ 4,110 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകത്താകമാനമായി ഇരുപത്താറ് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് രോഗബാധയേറ്റിട്ടുള്ളത്. ഏഴ് ലക്ഷത്തിലധികം പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,219 മരണങ്ങൾ റിപ്പോർട്ട് ചെയ്തത് അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ്. ഇതോടെ അമേരിക്കയിലെ മരണ സംഖ്യ നാൽപ്പത്തി ഏഴായിരം പിന്നിട്ടു. അമേരിക്കയിൽ കൊവിഡിന്‍റെ രണ്ടാം ഘട്ടം ജൂണിലെന്ന് റിപ്പോർട്ട്. ലോകത്ത് ഭക്ഷ്യക്ഷാമം ഉടലെടുത്ത് പട്ടിണി ഇരട്ടിയാകുമെന്നും ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം പിന്നിട്ടു. 24 മണിക്കൂറിനിടയിൽ 49 കൊവിഡ് മരണങ്ങളും 1,486 കൊവിഡ് കേസുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് മരണ സംഖ്യ 652 ആണ്. 20,471 കൊവിഡ് രോഗികളാണ് രാജ്യത്ത് ഉള്ളത്. 5649 കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ ഇതുവരെ സ്ഥിധികരിച്ചത്. ഡൽഹിയിൽ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 2,248 ലേക്ക് എത്തി. രാജസ്ഥാനിൽ കൊവിഡ് രോഗികളുടെ എണ്ണം 1,888 ലേക്ക് ഉയർന്നു. ഗുജറാത്തിൽ പുതിയ 135 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് രോഗികളുടെ എണ്ണം ഗുജറാത്തിൽ 2,407 പിന്നിട്ടു.