രാജ്യത്ത് അര ലക്ഷം കടന്ന് കൊവിഡ് മരണം ; ആകെ രോഗബാധിതരുടെ എണ്ണം 26 ലക്ഷത്തിന് മുകളിൽ

Jaihind News Bureau
Monday, August 17, 2020

ന്യൂഡല്‍ഹി : രാജ്യത്ത് അര ലക്ഷം കടന്ന് കൊവിഡ് മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 941 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ മരണം 50,921 ആയതായാണ് ഔദ്യോഗിക കണക്ക്. ആശങ്ക പടർത്തി കേരളത്തിലും രോഗവ്യാപനവും മരണസംഖ്യയും കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

26,47,663 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് . 24 മണിക്കൂറിനിടെ 57, 981 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം വലിയ തോതില്‍ ഉയരുന്നത് ആശങ്ക പടർത്തുന്നുണ്ട്. ആന്ധ്രയിൽ 8,012 പേരും തമിഴ്നാട്ടിൽ 5,950 പേരും കർണാടകയിൽ 2,428 പേരും ഇന്നലെ രോഗബാധിതരായി. ഉത്തർപ്രദേശിലും ബിഹാറിലും പശ്ചിമ ബംഗാളിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. കേരളത്തിലും രോഗവ്യാപനം തീവ്രമാകുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.