ബെയ്ജിംഗ്: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ചൈനയിൽ രോഗികളുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ട്. മൂന്ന് വർഷത്തോളമായി ചൈനയിൽ നിലവിലുണ്ടായിരുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ, ക്വാറന്‍റൈൻ, പരിശോധന എന്നിവയിൽ സർക്കാർ ഇളവുകൾ വരുത്തിയിരുന്നു.
രാജ്യത്തെ ആശുപത്രികൾ കൊവിഡ് ലക്ഷണമുളള രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്നാണ് പകർച്ചവ്യാധി വിദഗ്ധനും ഹെൽത്ത് എക്കോണമിസ്റ്റുമായ എറിക് ഫീഗൽ ഡിംഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്. “വരുന്ന മൂന്ന് മാസങ്ങൾക്കുളളിൽ ചൈനയിലെ ജനസംഖ്യയുടെ 60 ശതമാനത്തിനും ലോകജനസംഖ്യയിലെ പത്ത് ശതമാനത്തിനും കൊവിഡ് പടർന്ന് പിടിച്ചേക്കും. ലക്ഷക്കണക്കിന് ആളുകൾ മരണപ്പെടാം. ഇത് വെറും തുടക്കം മാത്രമാണ്.” – എറിക് ഫീഗൽ ഡിംഗ് ട്വീറ്റ് ചെയ്തു.
നിലവിൽ ദിനം പ്രതി മുപ്പതിനായിരം പേർക്കാണ് ചൈനയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. നവംബർ 19നും 23 നും നാലു മരണങ്ങൾ റിപ്പോർട്ട് ചെയ്യും വരെ ചൈനയിൽ കൊവിഡ് മരണങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ തങ്ങൾ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ചൈനയിലുടനീളമുള്ള ശ്മശാന ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലെന്നും തങ്ങൾക്ക് അധിക ജോലിഭാരമുണ്ടെന്നുമാണ് ശ്മശാനം ജീവനക്കാരുടെ വെളിപ്പെടുത്തൽ.