കഴിഞ്ഞ ദിവസം അന്തരിച്ച ടി പി ചന്ദ്രശേഖരൻ വധകേസിലെ പ്രതിയും പാനൂരിലെ സിപിഎം നേതാവുമായ പി.കെ കുഞ്ഞനന്തന്‍റെ മൃതദേഹം സംസ്കരിച്ചു. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള നിർദ്ദേശങ്ങൾ പാലിക്കാതെയാണ് വിവിധ ഇടങ്ങളിൽ പൊതുദർശനം ഉൾപ്പടെ നടന്നത്. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സംസ്ക്കാര ചടങ്ങിന് ഉൾപ്പടെ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് നിയന്ത്രണങ്ങൾ പാലിക്കാതെയുള്ള പൊതു ദർശനവും, സംസ്ക്കാരവും.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പതിവ് വാർത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എന്നും പറയുന്ന വാക്കുകള്‍ പക്ഷേ കണ്ണൂരിലെ സഖാക്കൾക്ക് ബാധമല്ലെന്ന് തെളിയിക്കുന്നതാണ് പി.കെ കുഞ്ഞനന്തന്‍റെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട കാഴ്ചകൾ. മൃതദേഹം പൊതുദർശനത്തിന് വെച്ച ഇടങ്ങളിലും, സംസ്ക്കാരത്തിനും ഒരു നിയന്ത്രണവും ഇല്ലാതെ പാർട്ടി സഖാക്കൾ തിക്കിതിരക്കി എത്തി. രാവിലെ 8 മണിയോടെയാണ് പി.കെ കുഞ്ഞനന്തന്‍റെ മൃതദേഹം സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിലെത്തിച്ചത്. പാനൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സിപിഎം നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു.
ഇതിന് ശേഷമായിരുന്നു പ്രവർത്തകർ കൂട്ടമായി എത്തിയത്. പാറാട് ടൗണിൽ യാതൊരു നിയന്ത്രണവും ഇല്ലാതെ പാർട്ടി പ്രവർത്തകർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടമായെത്തി പല ഇടങ്ങളിലും ഒന്നിച്ച് നിന്ന് മുദ്രാവാക്യം മുഴക്കി. ഇവരെ നിയന്ത്രിക്കാൻ പൊലീസോ, പാർട്ടി വളണ്ടിയർമാരോ തയ്യാറായില്ല.
നിയമം നടപ്പിലാക്കേണ്ട പൊലീസാവട്ടെ പാർട്ടി പ്രവർത്തകർ സംഘടിച്ച് എത്തിയത് കണ്ടില്ലെന്ന് നടിച്ചു. പാനൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിലും പാറാട് ടൗണിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം ഉച്ചക്ക് ഒരു മണിയോടെ വീട്ട് വളപ്പില്‍ സംസ്‌കരിച്ചു. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹത്തിനും, മരണാനന്തര ചടങ്ങിലും കൂടുതൽ പേർ പങ്കെടുത്തതിന് സംസ്ഥാനത്തെങ്ങും നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിന് ഇടയിലാണ് കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പാർട്ടി നേതാവിന് അന്തി മോപചാരം അർപ്പിക്കാൻ പ്രവർത്തകർ മാനദണ്ഡങ്ങൾ പാലിക്കാതെ എത്തിയത്.
https://youtu.be/VPz5AzzMZ6A