കൊവിഡ് : ഡെല്‍റ്റയുടെ ഉപവകഭേദം കേരളത്തില്‍ കൂടുന്നതായി പഠനം

Jaihind Webdesk
Thursday, September 2, 2021

അതിതീവ്ര വ്യാപന സ്വഭാവമുള്ള ഡെല്‍റ്റ വകഭേദത്തിന്‍റെ പുതിയ ഉപവകഭേദം കേരളത്തില്‍ കൂടുന്നതായി കണ്ടെത്തല്‍. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് ഡെൽറ്റയുടെ ഉപവകഭേദമായ എ.വൈ- 1 കണ്ടെത്തിയത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം സംസ്ഥാനത്ത് കൂടുന്നതായി കണ്ടെത്തിയത്.

രാജ്യത്ത് രണ്ടാം കൊവിഡ് വ്യാപനം ശക്തമാക്കിയത് ഡെല്‍റ്റ വകഭേദമായിരുന്നു.  എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് എ.വൈ-1 വകഭേദം കണ്ടെത്തിയത്. കേരളം കഴിഞ്ഞാൽ ആനുപാതികമായി മഹാരാഷ്ട്രയിലാണ് ഇത് കൂടുതലുള്ളത്. ഇപ്പോഴുള്ള ബി.1.617.2 ഡെൽറ്റ വകഭേദത്തേക്കാള്‍ അപകടകാരിയാണോ പുതിയ ഉപവകഭേദമായ എ.വൈ- 1 എന്നത് വ്യക്തമായിട്ടില്ല. ഓഗസ്റ്റിൽ പരിശോധിച്ച 909 സാമ്പിളുകളിൽ 424 എണ്ണത്തിലും ഡെൽറ്റ വൈറസിന്‍റെ പുതിയ ഉപവകഭേദങ്ങളുടെ സാന്നിധ്യമുണ്ട്.

സംസ്ഥാനത്ത് ജൂണിൽ ഏതാണ്ട് അരശതമാനവും ജൂലൈയിൽ ഒരു ശതമാനവുമായിരുന്ന എ.വൈ. 1 വകഭേദത്തിന്റെ സാന്നിധ്യം ഓഗസ്റ്റിൽ ആറുശതമാനമായി. ഓഗസ്റ്റോടെ എ.വൈ-1 വകഭേദത്തിന്‍റെ സാന്നിധ്യം ആറുശതമാനത്തിലേറെയായതായി കൌണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍റ് ഇന്‍ഡസ്ട്രിയല്‍ റിസർച്ച് (സിഎസ്ഐആറിന്‍റെ)  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്‍റഗ്രേറ്റീവ് ബയോളജിയുടെ (ഐജിഐബി) പഠനം വ്യക്തമാക്കുന്നു.