കൊവിഡ് മുക്തനായി ദുബായിൽ മലയാളി സാമൂഹ്യ പ്രവർത്തകൻ നസീർ വാടാനപ്പള്ളി : ഡോക്ടർമാരും നഴ്സുമാരും കൈയടിച്ച് യാത്രയാക്കി

Jaihind News Bureau
Saturday, April 18, 2020

● കോവിഡ് ബാധിതർക്ക് ചികിത്സയും സൗകര്യങ്ങളും എത്തിക്കാൻ വീണ്ടും പ്രവർത്തന രംഗത്തിറങ്ങുമെന്ന് നസീർ

● 14 ദിവസത്തെ ആശുപത്രിവാസത്തിൽ പറയാനുള്ളത് ഐസൊലേഷൻ വാർഡിനെ കൊവിഡ് കമാൻഡ് സെന്‍റർ ആക്കിയ അനുഭവം

ദുബായ്: നൈഫിലെ കോവിഡ് ബാധിതർക്ക് പരിശോധനയും ചികിത്സയും ലഭ്യമാക്കുന്നതിനിടെ കോവിഡ് ബാധിച്ച സാമൂഹ്യ പ്രവർത്തകൻ നസീർ വാടാനപ്പളി രോഗമുക്തനായി. തുടർച്ചയായ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റിവ് ആയതിനെ തുടർന്ന് നസീർ ആശുപത്രി വിട്ടു. പതിനാലു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഐസൊലേഷൻ റൂമിൽ നിന്ന് രോഗമുക്തനായിറങ്ങിയ നസീറിനെ ദുബായ് വിപിഎസ്-മെഡിയോർ ആശുപത്രിയിലെ ഡോക്ടർമാരും നേഴ്സുമാരും ജീവനക്കാരും നിറകയ്യടികളോടെയാണ് വരവേറ്റത്. കയ്യടികളോടെ തന്നെ അവർ നസീറിനെ ആശുപത്രിയിൽ നിന്ന് യാത്രയാക്കി.

പരിശോധന ഫലം പോസിറ്റിവ് ആയതിനെ തുടർന്ന് കഴിഞ്ഞ ആറാം തീയതിയാണ് നസീർ വാടാനപ്പളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. നൈഫിൽ ഇന്ത്യക്കാരടക്കമുള്ളവരെ പരിശോധയ്ക്ക് എത്തിക്കാൻ ശ്രമിച്ച അതേ ആവേശത്തോടെയായിരുന്നു ആശുപത്രിക്കിടക്കയിലും നസീറിന്‍റെ പ്രവർത്തനങ്ങൾ. വിവിധ സംഘടനകളും വളണ്ടിയർമാരും ഉൾപ്പെടുന്ന കോവിഡ് കോർക്കമ്മിറ്റിയുമായി ഫോണിലൂടെയും വീഡിയോകോളിലൂടെയും നിരന്തരം ആശയവിനിമയം നടത്തി നൂറു കണക്കിനാൾക്കാർക്ക് സഹായം എത്തിക്കുകയായിരുന്നു ആശുപത്രി ദിവങ്ങളിലും നസീർ.

“പരിശോധനാ ഫലം പോസിറ്റിവ് ആണെന്നറിഞ്ഞപ്പോൾ നേരിട്ട് ചെയ്യാനുള്ള കുറേക്കാര്യങ്ങൾ ഇനി പറ്റില്ലല്ലോ എന്ന നിരാശയിൽ ആയിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയ ആദ്യ ദിവസം തന്നെ അത് മാറി. നിറയെ പ്രാർത്ഥനകളും ആരോഗ്യ അന്വേഷണവുമായി നിരവധി ഫോൺ കോളുകളാണ് ലഭിച്ചത്. ദുബായ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും കേരളത്തിലെ മന്ത്രിമാരും എംഎൽഎമാരും രാഷ്ട്രീയ നേതാക്കളും ഒക്കെ അതിൽ ഉണ്ടായിരുന്നു. പരിചയമില്ലാത്തവർ പോലും സമൂഹ മാധ്യമങ്ങളിലൂടെ പ്രാർത്ഥനയുമായി എത്തി. പ്രവർത്തനം ആശുപത്രിയിലും തുടരാനുള്ള ഊർജമായി അത് മാറി. അത്രയും പ്രാർത്ഥനകൾ ലഭിച്ചതിന്റെ ധൈര്യത്തിൽ തിരിച്ചു വീട്ടിലേക്ക് പോകാതെ പ്രവർത്തനത്തിൽ എത്രയും വേഗം മുഴുകാനാണ് തീരുമാനം. ഒരാളുടെയും വേദന കണ്ടുകൊണ്ടിരിക്കാൻ എനിക്കാവില്ല.” ആശുപത്രി വിട്ടിറങ്ങിയ നസീർ പറഞ്ഞു.

ദിവസവും നൂറു കണക്കിന് കോളുകളും സന്ദേശങ്ങളുമാണ് സഹായം തേടി ആശുപത്രി ദിവസങ്ങളിൽ നസീറിന് ലഭിച്ചത്. വളണ്ടിയർമാരുമായും കെഎംഎസിസി, മർക്കസ്, അക്കാഫ്, എംഎസ്എസ് , നോർക്ക, ഇൻകാസ് എന്നീ സംഘടനകളുടെ പ്രതിനിധികൾ അടങ്ങുന്ന കോർക്കമ്മിറ്റിയുമായും ഈ വിവരങ്ങൾ പങ്കുവച്ചു. പരിശോധന ആവശ്യമായവരെ മെഡിയോർ അടക്കമുള്ള ആശുപത്രികളിൽ എത്തിച്ചു. ഭക്ഷണവും സൗകര്യങ്ങളും നൽകുന്നതിനുള്ള പ്രവർത്തനങ്ങളിലും ആശുപത്രിയിൽ നിന്ന് തന്നെ നസീർ അങ്ങനെ ഭാഗമായി.

“പലപ്പോഴും രാവിലെ എട്ടര മണിക്ക് എണീറ്റാൽ രാത്രി പന്ത്രണ്ടിന് ഉറങ്ങുന്നത് വരെ ഇത് തന്നെയായിരുന്നു പരിപാടി. ദിവസം ചുരുങ്ങിയത് 12-13 മണിക്കൂർ വരെ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കാറുണ്ടായിരുന്നു. നാല് വീഡിയോ കോണ്ഫറന്സുകൾ എങ്കിലുമുണ്ടാകും. വൈകീട്ട് കോർകമ്മിറ്റി യോഗത്തിൽ പങ്കെടുത്ത് ദിവസവും ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്ന് ലഭിക്കുന്ന സഹായാഭ്യർഥനകൾ ക്രോഡീകരിക്കും. അതാണ് ഞങ്ങൾ ദുബായ് ഏജൻസികൾക്ക് സഹായത്തിനായി കൈമാറുന്നത്. ഫോൺ ഉപയോഗം കുറയ്‌ക്കണമെന്നും വിശ്രമിക്കണമെന്നും ഡോക്ടർ നിർദേശിച്ചിരുന്നെങ്കിലും പലപ്പോഴും അതിനു കഴിയാറുണ്ടായിരുന്നില്ലെന്നതാണ് സത്യം.”

തുടക്കത്തിൽ ഫോൺ വിളികൾ വർധിച്ചത് കാരണം പിന്നീട് വാട്സാപ്പ് നമ്പർ നൽകി സന്ദേശങ്ങളിലൂടെയാണ് നസീർ കൂടുതലും ആൾക്കാരുമായി ബന്ധപ്പെട്ടത്.

“കഴിഞ്ഞ ദിവസം ഷാർജയിൽ നിന്ന് ഒരു കുടുംബം വിളിച്ചു. ഒരു സ്ത്രീയും കുട്ടിയും.. അവർ ഫോണിലൂടെ കരയുകയാണ്. ഭർത്താവ് പോസിറ്റിവ് ആണ്. തനിക്ക് ചില ലക്ഷണങ്ങൾ ഉള്ളതു കൊണ്ട് കോവിഡ് പരിശോധന നടത്താൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല, സഹായിക്കണം എന്നായിരുന്നു അഭ്യർത്ഥന. ടാക്സി എടുത്തു ദുബായിൽ ഞാൻ ചികത്സയിൽ കഴിയുന്ന ആശുപത്രിയിലേക്ക് വരാൻ പറഞ്ഞു. ഡോക്ടറെയും അറിയിച്ചു. ഇവിടെത്തന്നെ പരിശോധനയ്ക്ക് സാമ്പിൾ നൽകി ഡോക്ടറെ കണ്ടു മരുന്ന് വാങ്ങിയാണ് അവർ മടങ്ങിയത്.”

ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങൾക്കൊപ്പം ആശുപത്രി ജീവിതം ആരോഗ്യപ്രവർത്തകരുടെ ത്യാഗത്തിന്റെ നേർക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയതതായും നസീർ വ്യക്തമാക്കുന്നു.

“മാസ്ക് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ധരിച്ചു കോവിഡ് ബാധിത പ്രദേശങ്ങളിൽ പ്രവർത്തിച്ചപ്പോൾ തന്നെ അതിന്റേതായ ബുദ്ധിമുട്ട് ഞാൻ മനസിലാക്കിയാണ്. ഡോക്ടർമാരും നേഴ്സുമാരും ഹൗസ്കീപ്പിംഗ് സ്റ്റാഫുകളും എൻ-95 ധരിച്ചാണ് നിൽക്കുന്നത്. കണ്ണിനു സുരക്ഷ നൽകാൻ ഗ്ലാസ്സും. അവരുടെ മുഖത്തും കണ്ണിലും ഫോഗ് നിറയുകയാണ്. ദിവസവും മൂന്നു തവണ മുറിയിൽ ശുചീകരിക്കാൻ വരുന്ന ഹൗസ് കീപ്പിംഗ് ജീവനക്കാരുണ്ട്. ഒരു മടിയും കൂടാതെയാണ് അവർ നമ്മുടെ മുറി ശുചീകരിക്കുന്നതും കഴിച്ച ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതും ശുചിമുറി വൃത്തിയാക്കുന്നതും ഒക്കെ. അതൊക്കെ കാണുമ്പോൾ സ്വയം ഒരു വിഷമം തോന്നും. ഞാൻ തന്നെ ചെയ്യാമെന്ന് പറഞ്ഞാലും അവർ സമ്മതിക്കില്ല. പകരാൻ സാധ്യതയുള്ള അസുഖം ബാധിച്ച ഒരാൾക്ക് സമീപത്തു നിന്നാണ് അവർ ഒരു മടിയും കൂടാതെ ഇങ്ങനെ പ്രവർത്തിക്കുന്നത്. അപ്പോൾ തോന്നും അവരെ കൂടുതൽ ബുദ്ധിമുട്ടിയ്ക്കാതിരിക്കാൻ ഇവിടെ നിന്ന് ഒരുമിനിറ്റ് എങ്കിലും നേരത്തെ പുറത്തുപോയാൽ മതിയെന്ന്.ഡോക്ടർ സഹീർ സൈനലാബ്ദീൻ ആണ് എന്നെ ചികിത്സിച്ചത്. അദ്ദേഹം ചെറു ചിരിയോടെ ആവശ്യമായ മരുന്നിനൊപ്പം ധൈര്യവും പകർന്നു തരുന്നയാളാണ്. മരുന്നും പരിശോധനകളും എന്തിനാണെന്ന് കൃത്യമായി പറഞ്ഞു മനസിലാക്കിത്തരും. മികച്ച പരിചരണമാണ് ലഭിച്ചത്. യുഎഇയിലെ ആരോഗ്യ രംഗത്തിന്റെ നേട്ടമായി കൂടിയാണ് ഇതിനെ കാണുന്നത്.”

കോവിഡ് പകർച്ചയെ തുടർന്ന് താറുമാറായ നൈഫിന്റെ തിരിച്ചുവരവിനൊപ്പം തന്നെയാണ് നസീർ വാടാനപ്പള്ളിയുടെ തിരിച്ചുവരവും. നൈഫിൽ കോവിഡ് ലക്ഷണങ്ങളുമായി കഴിഞ്ഞിരുന്ന പതിനാലു പേരിൽ നിന്നാണ് നസീറിനെ തേടി ആദ്യ കോൾ എത്തിയിരുന്നത്. കാസർഗോഡ് സ്വദേശിയായ റൂം മേറ്റ് പോസിറ്റിവ് ആണെന്ന് നാട്ടിൽ നിന്ന് വാർത്ത വന്നതായും ലക്ഷണങ്ങൾ ഉണ്ടായിട്ടും പരിശോധന പോലും നടത്താൻ ആകാതെ ഫ്‌ളാറ്റിൽ കഴിയുകയാണെന്നുമുള്ള വിവരം ഇവരിൽ നിന്ന് ലഭിച്ചാണ്‌ നസീർ അവിടെയെത്തിയത്. ആൾക്കാരോട് സംസാരിച്ച ശേഷം പോലീസിൽ വിവരം കൈമാറി. ആംബുലൻസുമായി ദുബായ് ഹെൽത്ത് അതോറിറ്റി സംഘവും എത്തി. പരിശോധന നടത്തി ആൾക്കാരെ ആശുപത്രിയിലേക്ക് മാറ്റി. അടുത്ത ദിവസങ്ങളിൽ കോളുകളുടെ എണ്ണം കൂടി. അങ്ങനെയാണ് 2500 പേരെ നൈഫിൽ നിന്ന് പരിശോധനയ്ക്കും ചികിത്സയ്ക്കുമായി എത്തിക്കാൻ രാപ്പകൽ ഭേദമില്ലാതെ നസീർ പ്രവർത്തിച്ചത്. നസീറിന് സഹായവുമായി നിരവധി സംഘടനകളും വളണ്ടിയർമാരുമെത്തി.

 

കൊവിഡ് രോഗ മുക്തനായ നസീർ വാടാനപ്പള്ളിയെ ദുബായ് മെഡിയോർ ആശുപത്രി ഡോക്ടർമാരും നഴ്‌സുമാരും നിറകയ്യടികളോടെ യാത്രയാക്കുന്നു. സെൽഫിയെടുക്കുന്ന നസീർ വാടാനപ്പള്ളി

 

നസീർ കോവിഡ് മുക്തനായെന്നും ഏതാനും ദിവങ്ങൾ കൂടി വിശ്രമം നിർദ്ദേശിച്ചിട്ടുണ്ടെന്ന് ചികിത്സിച്ച പൾമനോളജിസ്റ്റ് ഡോ. സഹീർ സൈനലാബ്ദീൻ പറഞ്ഞു. പൂർണ ധൈര്യത്തോടെ രോഗത്തെ മറികടക്കുകയായിരുന്നു നസീർ. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നസീറിന്റെ ആരോഗ്യ സ്ഥിതി ആരാഞ്ഞു നിരവധി അന്വേഷണങ്ങളാണ് യുഎഇയിൽ നിന്നും കേരളത്തിൽ നിന്നും ആശുപത്രി അധികൃതർക്ക് ലഭിച്ചിരുന്നതെന്നു വിപിഎസ് ഹെൽത്ത്കെയർ ദുബായ്- നോർത്തേൺ എമിറേറ്റ്സ് സിഇഒ ഡോ. ഷാജിർ ഗഫാർ പറഞ്ഞു. അദ്ദേഹത്തിന് മികച്ച ചകിത്സലഭ്യമാക്കാൻ ആയതിലെ സന്തോഷവും ഡോ. ഷാജിർ പങ്കുവച്ചു.

ഗ്ലൗസും, എൻ -95 മാസ്കും, ഗ്ലാസ്സും അടക്കമുള്ള മുൻകരുതലുകൾ സ്വീകരിച്ച് ഉടൻ വീണ്ടും പ്രവർത്തന രംഗത്തിറങ്ങാനാണ് നസീറിന്റെ തീരുമാനം.

“നൈഫിലെ പ്രവർത്തനം തുടങ്ങിയപ്പോൾ മുതൽ കുട്ടികളിൽ നിന്നും വീട്ടുകാരിൽ നിന്നും വിട്ടു നിൽക്കുന്നതാണ്. ഇന്നത്തേക്ക് ഒരു മാസം തികയുന്നു. ആശുപത്രിയിൽ ഭക്ഷണം ഉണ്ടായിരുന്നെങ്കിലും ഭാര്യ രണ്ടു ദിവസം കൂടുമ്പോൾ ഭക്ഷണം കൊടുത്തു വിടുമായിരുന്നു. സാധ്യമായത്രയും വേഗം കൊറോണ ബാധിതർക്ക് സഹായമെത്തിക്കാനുള്ള പ്രവർത്തനത്തിൽ സജീവമാകും”

ഗർഭിണികൾ, പ്രായമായവർ, മരുന്നില്ലാതെ വലയുന്നവർ, വിസിറ്റ് വിസയിൽ ജോലി തേടിവന്ന് കാശ് തീർന്നു ബുദ്ധിമുട്ടുന്നവർ ഇവരെയെല്ലാം നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ ഉടൻ നടപടി എടുക്കണമെന്നാണ് ഭൂരിഭാഗം പ്രവാസികളുടെയും പോലെ നസീറിന്റെയും അഭ്യർത്ഥന. യുഎഇ സർക്കാർ ഇന്ത്യക്കാർക്കും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്കും സാധ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മൾ അവരെയും സഹായിക്കണം. അത്യാവശ്യക്കാരെ നാട്ടിൽ എത്തിക്കാൻ കഴിയുന്നില്ലെങ്കിൽ കോൺസുലേറ്റും ഇന്ത്യൻ കമ്മ്യൂണിറ്റിയും കൈകോർത്ത് പ്രവാസികൾക്ക് ചികിത്സയും സൗകര്യങ്ങളും ഒരുക്കാൻ ലേബർ ക്യാമ്പുകൾ ഏറ്റെടുത്തു പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കണം.

# കൊറോണയെ പേടിക്കുന്നവരോട് നസീറിന് പറയാനുള്ളത്.

● ഒരിക്കലും കോവിഡിനെ അമിതമായി പേടിക്കരുത്. പേടിച്ചാൽ അപ്പോൾ പനിവരും. പേടിക്കാതെ സൂക്ഷിക്കുക, ജാഗ്രത പുലർത്തുക എന്നതാണ് പ്രധാനം. നമ്മൾ നമ്മളെ തന്നെ സൂക്ഷിക്കുക. ആരോഗ്യം നൽകുന്ന ഭക്ഷണം കഴിക്കുക. സാധാരണ രോഗം വന്നാൽ കഴിയുന്നത് പോലെ ചൂടുവെള്ളം മാത്രമാണ് ആശുപത്രിയിൽ കുടിച്ചിരുന്നത്. ചെറുനാരങ്ങ ചൂടുവെള്ളത്തിൽ പിഴിഞ്ഞ് കുടിക്കാറുണ്ടായിരുന്നു. തണുക്കാത്ത ഓറഞ്ച്, ആപ്പിൾഎന്നിവയും സലാഡും കടലയും ഈത്തപ്പഴവും ഒക്കെയാണ് കഴിച്ചിരുന്നത്. മറ്റ് അസുഖങ്ങൾ ഇല്ലാത്ത ആൾ ആണെങ്കിൽ കോവിഡ് വന്നതുപോലും അറിയാതെ അത് കടന്ന് പോകും. ഷുഗർ, പ്രഷർ, ആസ്ത്മ എന്നിവയൊക്കെ ഉള്ളവരും മരുന്ന് കഴിക്കുന്നവരും ആണെങ്കിൽ കൂടുതൽ സൂക്ഷിക്കണം.

● യുഎഇ സർക്കാർ നമ്മളോട് ഇത്രയും ബുദ്ധിമുട്ടി ഇത്രയും റിസ്ക് എടുത്തു പറയുന്നത് വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ്. ഞാനും എന്റെ കുടുംബവും വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ലെങ്കിൽ എനിക്ക് ഈ അസുഖം വരില്ല. പക്ഷെ നിർബന്ധമായും പോകേണ്ട സാഹചര്യം വന്നാൽ പോകാം. പക്ഷെ മാസ്കും, ഗ്ലൗസും ഒക്കെ വച്ചായിരിക്കണം. തിരിച്ചു വീട്ടിലേക്ക് കയറുന്നതിനു മുൻപ് ഇതൊക്കെ അഴിച്ചു പ്ലാസ്റ്റിക് കവറിൽ ആക്കുക. നേരെ ബാത്ത്റൂമിൽ പോയി കുളിച്ചു കഴിഞ്ഞ ശേഷം മാത്രമേ റൂമിലേക്ക് കയറാവൂ. അതാണ് ഏറ്റവും സുരക്ഷിതം. പുറത്തു നിന്ന് ഒരാളെപ്പോലും റൂമിലേക്ക് കയറ്റരുത്, നമ്മൾ എവിടേക്കും പോവുകയും ചെയ്യരുത്. ഇങ്ങനെ ചിന്തിച്ചു കഴിഞ്ഞാൽ തന്നെ ഒരാൾക്കും കൊറോണ വരില്ല.