കെവിൻ വധക്കേസ് : സിസിടിവി ദൃശ്യങ്ങൾ കോടതി ഇന്ന് പരിശോധിക്കും

Jaihind Webdesk
Tuesday, May 14, 2019

കെവിൻ വധക്കേസിൽ വിവിധയിടങ്ങളിൽ നിന്നും തെളിവായി ലഭിച്ച സിസിടിവി ദൃശ്യങ്ങൾ ഇന്ന് കോടതി പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് ഏഴ് സാക്ഷികളുടെ വിസ്താരവും നടക്കും. കെവിന്റെ പിതാവ് ജോസഫ് ഉൾപ്പെടെ 8 പ്രതികളുടെ വിസ്താരം ഇന്നലെ കഴിഞ്ഞിരുന്നു.

മാന്നാനത്തെ സ്വകാര്യ സ്കൂൾ കവാടത്തിലെയും മെഡിക്കൽ കോളജിനു സമീപത്തെ ഹോട്ടലിലെയും ചാലിയേക്കരയിലെ കടയിലെയും അടക്കമുള്ള ദൃശ്യങ്ങളാണ് ഇന്ന് കോടതി പരിശോധിക്കുക. കോടിമത നാലുവരി പാതയിൽ പ്രതികൾ സഞ്ചരിച്ച കാറുകൾ ട്രാഫിക്ക് നിയമം ലംഘിച്ചതിനെ തുടർന്ന് ശേഖരിച്ച വ്യത്യസ്ത സമയങ്ങളിലുള്ള ഫോട്ടോകളും പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് 7 സാക്ഷികളെയും വിസ്തരിക്കും. ഇന്നലെ മുതലാണ് കേസിലെ രണ്ടാം ഘട്ട വിസ്താരം തുടങ്ങിയത്.

കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം ഒന്നാം പ്രതി ഷാനു ചാക്കോ സഞ്ചരിച്ചിരുന്ന കാർ മാന്നാനം മേഖലയിൽ മൂന്ന് തവണ കണ്ടതായി ഗാന്ധിനഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അജയകുമാർ കോടതിയിൽ മൊഴി നൽകി. അന്ന് മൊബൈലിൽ പകർത്തിയ പ്രതികളുടെ ദൃശ്യങ്ങളും അദ്ദേഹം തിരിച്ചറിഞ്ഞു. കെവിനെ തട്ടികൊണ്ടു പോയ കാര്യം പോലീസ് പറഞ്ഞാണ് അറിഞ്ഞതെന്നും മകന് നീന്തൽ അറിയാമായിരുന്നെന്നും കെവിന്‍റെ പിതാവ് ജോസഫും കോടതിയിൽ പറഞ്ഞു. ഗാന്ധിനഗർ സ്റ്റേഷനിലെ ജി.ഡി ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ സണ്ണി, നീനുവും കെവിനും വിവാഹം രജിസ്ട്രർ ചെയ്യാൻ സമീപിച്ച വക്കീൽ ഓഫീസിലെ ജീവനക്കാരി ജെസ്നാ മോൾ, നീനു താമസിച്ച ഹോസ്റ്റൽ വാർഡൻ ബെറ്റി, ഷാനുവിന് സിം കാർഡ് എടുത്തു നൽകിയ വിഷ്ണു എന്നിവരുടെയും വിസ്താരം ഇന്നലെ പൂർത്തിയായിരുന്നു.