‘കപ്പേള’യുടെ അന്യഭാഷ റീമേക്കുകൾ കോടതി തടഞ്ഞു

കൊച്ചി : ‘കപ്പേള’ സിനിമയുടെ തെലുങ്ക് അടക്കമുള്ള അന്യഭാഷ റീമേക്കുകൾ കോടതി തടഞ്ഞു. എറണാകുളം അഡി. ഡിസ്ട്രിക്ട് ജഡ്‌ജ്‌ 5 കോടതിയുടേതാണ് ഉത്തരവ്. ചിത്രത്തിന്‍റെ സഹരചയിതാക്കളില്‍ ഒരാളായ സുദാസ് സമർപ്പിച്ച ഹർജിയിലാണ് നടപടി.

സുദാസിനു വേണ്ടി അഡ്വ. സുകേഷ് റോയ് ഹാജരായി.  അന്യഭാഷകളിലേക്കുള്ള ചിത്രത്തിന്‍റെ പകർപ്പവകാശം വിറ്റത് തന്‍റെ അനുവാദമില്ലാതെയാണെന്ന് വാദിച്ച് സഹരചയിതാവായ  നിഖിലും കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ തുടർനടപടികൾ കോടതിയിൽ നടന്നുവരികയാണ്.

‘മറ്റുഭാഷകളിലേക്കുള്ള കപ്പേളയുടെ റീമേക്കുകൾ ഞാനടക്കമുള്ള എഴുത്തുകാരുടെ അറിവോ സമ്മതമോ ഇല്ലാതെ വിൽക്കാൻ തുടങ്ങുമ്പോൾ അതിൽ ഞങ്ങൾ ചതിക്കപ്പെടുന്നത് വെറും പണത്തിൽ മാത്രമല്ല ഞങ്ങളുടെ അവകാശം കൂടെയാണ് സംരക്ഷിക്കാതെ പോവുന്നത്. അത് സമ്മതിച്ചുകൊടുക്കാൻ കഴിയാത്തതാണ്. നിരവധി നല്ല സിനിമകളും നിർമ്മാതാക്കളും സംവിധായകരും ഉള്ള മലയാളത്തിൽ നിന്നും ഒരു ചിത്രം അന്യഭാഷകളിലേക്ക് പോവുമ്പോൾ ചിത്രത്തിന്റെ എഴുത്തുകാരുടെ അറിവോടു കൂടിയാണ് നടക്കുന്നത്. അത്തരമൊരു നീക്കത്തിനുപകരം തങ്ങളെ അതിൽ നിന്നും ഒഴിവാക്കാൻ ശ്രമിച്ചതുകൊണ്ടാണ് നീതിക്കുവേണ്ടി കോടതികയറേണ്ടതായി വന്നത്.’- എഴുത്തുകാരായ സുദാസും നിഖിലും പറയുന്നു.

‘ആരെയും മോശമായി ചിത്രീകരിക്കാനോ, അവരുടെ കഴിവുകേടുകൾ താഴ്ത്തി കാണിക്കാനോ അല്ല ഞങ്ങളുടെ ഉദ്ദേശം ഇനിയും ഇത്തരം പ്രവർത്തിയോ ചിന്തയോ പോലും അവരുടെ മനസിൽ ഉദിക്കാതിരിക്കാൻ വേണ്ടി കൂടിയാണ് ഇപ്പോൾ ഇങ്ങനെ ഒരു നടപടി സ്വീകരിച്ചത്. സത്യം ഞങ്ങളുടെ പക്ഷത്തായതുകൊണ്ട് പേടിക്കാനൊന്നും തന്നെയില്ല. കോടതിക്ക് അത് ബോധ്യമാവുകയും ചെയ്തത് കൊണ്ടാണ് ഇത്തരമൊരു സ്റ്റേ നൽകിയത്.’ – ഇരുവരും കൂട്ടിച്ചേർത്തു.

 

 

Comments (0)
Add Comment