കോട്ടയത്ത് യുവാവിനെ കൊന്ന് കഷണങ്ങളാക്കിയ കേസില്‍ പ്രതികളായ ദമ്പതിമാര്‍ക്ക് ജീവപര്യന്തം

Jaihind News Bureau
Thursday, May 8, 2025


കോട്ടയത്ത് യുവാവിനെ കൊന്ന് കഷണങ്ങളാക്കിയ സംഭവത്തില്‍ ഭര്‍ത്താവിനും ഭാര്യക്കും ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒരോ പ്രതികള്‍ക്കും 5 ലക്ഷം രൂപ വീതമാണ് പിഴത്തുക. മുട്ടമ്പലം സ്വദേശി വിനോദ് കുമാര്‍ എന്ന കമ്മല്‍ വിനോദ് , ഭാര്യ കുഞ്ഞുമോള്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കോട്ടയം ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ജെ. നാസറാണ് ശിക്ഷ വിധിച്ചത്.

2017 ഓഗസ്റ്റ് 23 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പയ്യപ്പാടി സ്വദേശി സന്തോഷ് ഫിലിപ്പിനെയാണ് പ്രതികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതി വിനോദിന്റെ ഭാര്യയുമായി സന്തോഷിന് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. കുഞ്ഞുമോള്‍ വിളിച്ചതനുസരിച്ച് വീട്ടിലെത്തിയ സന്തോഷിനെ വിനോദ് തലക്കടിച്ചു കൊലപ്പെടുത്തി. ശേഷം ശരീരഭാഗങ്ങള്‍ കക്ഷണങ്ങളാക്കി ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു. യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട സന്തോഷ്. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.