സ്വര്‍ണം കണ്ടാല്‍ സഖാക്കള്‍ മറ്റൊന്നും കാണില്ല എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. കണ്ണൂര്‍ കൂത്തുപറമ്പില്‍ 77 കാരിയുടെ മാല കവര്‍ന്ന കേസില്‍ സി.പി.എം. കൗണ്‍സിലര്‍ പി.പി. രാജേഷ് അറസ്റ്റിലായ സംഭവം, സംസ്ഥാനത്ത് സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയില്‍ സി.പി.എമ്മിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇതോടെ സിപിഎമ്മിന്റെ സ്വര്‍ണ പൂതിക്ക് ഏതറ്റം വരെയും പോകുമെന്ന് വ്യക്തമായി. ശബരിമല സ്വര്‍ണക്കൊള്ള വിവാദം സംസ്ഥാന സര്‍ക്കാരിനും സി.പി.എമ്മിനും വലിയ തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ കേസ്. ഇതോടെ പാര്‍ട്ടി നേതൃത്വം മുഖം രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ്.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കും ആചാര ലംഘനത്തിനുമെതിരെ കെപിസിസിയുടെ വിശ്വാസ സംരക്ഷണ യാത്രയ്ക്ക് ഇന്ന് പന്തളത്ത് ആഘോഷപൂര്‍വമായ സമാപനം ഒരുക്കുമ്പോഴാണ് കണ്ണൂര്‍ കൂത്തുപറമ്പില്‍ വയോധികയെ ആക്രമിച്ച് ഒന്നര പവന്റെ മാല കവര്‍ന്നു കൊണ്ട് സിപിഎം കൗണ്‍സിലര്‍ ഓടി രക്ഷപ്പെട്ടത്. ശബരിമല വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും മൗനം തുടരുന്ന പശ്ചാത്തലത്തില്‍, കൂത്തുപറമ്പിലെ മോഷണക്കേസ് പ്രതിരോധിക്കാന്‍ സി.പി.എം. നേതൃത്വം കഠിനമായി പ്രയാസപ്പെടും. ജനപ്രതിനിധി തന്നെ മോഷണം നടത്തിയെന്നത് പാര്‍ട്ടി അണികളിലും അനുഭാവികളിലും വലിയ ക്ഷീണം വരുത്തുകയാണ്.