പയ്യന്നൂരില്‍ കോടതി കെട്ടിടസമുച്ചയ നിർമാണത്തിൽ അഴിമതി; പൊതുമരാമത്തുവകുപ്പിന്‍റെ അഴിമതി അന്വേഷിക്കണമെന്ന് പൊതുതാല്പര്യ ഹര്‍ജി

Jaihind News Bureau
Friday, March 28, 2025

കണ്ണൂർ പയ്യന്നൂർ കോടതി കെട്ടിടസമുച്ചയ നിർമാണത്തിൽ വ്യാപക അഴിമതിയും ക്രമക്കേടും നടന്നതായി ആക്ഷേപം.
അടിത്തട്ട് നിലയിലെ പാർക്കിങ് സൗകര്യമുൾപ്പെടെ ആറുനില കെട്ടിടമാണ് അടങ്കലിൽ ഉണ്ടായിരുന്നത്. എന്നാൽ, അഞ്ചാമത്തെയും ആറാമത്തെയും നിലകൾ നിർമാണത്തിൽനിന്ന് ഒഴിവാക്കി. ഗ്രൗണ്ട് നിലയും അതിന് മുകളിലുള്ള മൂന്ന് നിലകളുള്ള കെട്ടിടം മാത്രമാണ് നിർമിച്ചതെന്നുമാണ് പരാതി. പൊതുമരാമത്തുവകുപ്പും കരാറുകാരും ചേർന്ന് നടത്തിയ ക്രമക്കേടും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹർജി ഹൈക്കോടതിയിൽ.

പയ്യന്നൂർ കോടതി കെട്ടിട സമുച്ചയ നിർമ്മാണത്തിൽ വ്യാപക അഴിമതിയും ക്രമക്കേടും നടന്നതായാണ് ആക്ഷേപം ഉയരുന്നത്. അടിത്തട്ട് നിലയിലെ പാർക്കിങ് സൗകര്യമുൾപ്പെടെ ആറുനില കെട്ടിടമാണ് അടങ്കലിൽ ഉണ്ടായിരുന്നത്. പാർക്കിങ്ങിനുള്ള അടിത്തറയുടെ നിർമാണത്തിനുമാത്രം ഒരുകോടി രൂപയോളം ചെലവ് വരുമെന്നാണ് കണക്കുകൂട്ടിയത്. എന്നാൽ, അഞ്ചാമത്തെയും ആറാമത്തെയും നിലകൾ നിർമാണത്തിൽനിന്ന് ഒഴിവാക്കി ഗ്രൗണ്ട് നിലയും അതിനുമുകളിലുള്ള മൂന്ന് നിലകളുള്ള കെട്ടിടം മാത്രമാണ് നിർമിച്ചതെന്നുമാണ് ആക്ഷേപം.

യഥാർഥ അടങ്കലിൽ 84 ലക്ഷം രൂപ ചെലവിലുള്ള രണ്ട് ലിഫ്റ്റുകൾ അനുവദിച്ചിരുന്നു. എന്നാൽ ഈ ലിഫ്റ്റുകൾ ഒഴിവാക്കി ഫണ്ട് ദുരുപയോഗം ചെയ്‌തതായും പരാതി ഉയരുന്നുണ്ട്.ലിഫ്റ്റും അഗ്നിശമന സംവിധാനങ്ങളും ഇല്ലാത്തതിനാൽ നഗരസഭ ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ച അവസ്ഥയാണുള്ളത്.

നിർമ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പയ്യന്നൂർ കോടതിയിലെ അഭിഭാഷകർ ചേർന്ന്
പയ്യന്നൂർ കോടതി കോംപ്ലക്‌സ് പ്രൊട്ടക്ഷൻ ഫോറം രൂപികരിച്ചു. ഇവരാണ് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി നൽകിയത്. ചെയർമാൻ അഡ്വ. പ്രഭാകരൻ, അഡ്വ. ടി.വി. ജയകുമാർ മുഖേനയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കെട്ടിട നിർമാണത്തിൽ ക്രമക്കേടും അഴിമതിയും നടന്നതായി ഹർജിയിൽ പറയുന്നു.അന്വേഷിക്കണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ സംസ്ഥാന അറ്റോർണിയിൽ നിന്ന് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു.