സംസ്ഥാനത്ത് കൊറോണ വൈറസ് ഭീതി ഒഴിയുന്നു ; നിരീക്ഷണത്തില്‍ ഇനി 127 പേർ മാത്രം

Jaihind News Bureau
Monday, February 24, 2020

തിരുവനന്തപുരം : കേരളത്തിൽ കൊറോണ വൈറസ് ബാധ ഒഴിയുന്നു. സംസ്ഥാനത്ത് ഇനി നിരീക്ഷണത്തിൽ 127 പേർ മാത്രം. 19 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 127 പേർ മാത്രമാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഇവരിൽ 122 പേർ വീടുകളിലും 5 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന 444 സാമ്പിളുകൾ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചതിൽ 436 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.

പരിഷ്‌കരിച്ച മാർഗരേഖ പ്രകാരം വീട്ടിലെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 19 വ്യക്തികളെ ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും കോവിഡ് 19 രോഗ ബാധക്കെതിരെ ജാഗ്രത തുടരുകയാണ്. രോഗം സ്ഥിരീകരിച്ചിരുന്ന മൂന്ന് പേരും ആശുപത്രി വിട്ട് വീടുകളിൽ നിരീക്ഷണത്തിലാണ്.