തിരുവനന്തപുരം കോർപറേഷനിലെ നികുതിവെട്ടിപ്പ് ; ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

Jaihind Webdesk
Tuesday, October 26, 2021

തിരുവനന്തപുരം : കോര്‍പ്പറേഷനിലെ  നികുതിവെട്ടിപ്പില്‍ നിര്‍ണായക അറസ്റ്റ്. ഒളിവിലായിരുന്ന മുഖ്യപ്രതി എസ് ശാന്തിയെ  പൊലീസ് അറസ്റ്റ് ചെയ്തു. കോർപ്പറേഷനിലെ മുതിർന്ന ഉദ്യോഗസ്ഥയായ ശാന്തി നേമം സോണിലെ സൂപ്രണ്ടാണ്. 27 ലക്ഷം രൂപയുടെ വെട്ടിപ്പാണ് ശാന്തിയുടെ നേതൃത്വത്തില്‍ നേമം സോണിൽ മാത്രം നടന്നത്. ശാന്തിയുടെ മുൻകൂർ ജാമ്യാപേക്ഷ നവംബർ ഒന്‍പതിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇന്ന് പുലര്‍ച്ചെയോടെ കീഴടങ്ങിയത്. നികുതിവെട്ടിപ്പില്‍ എസ് ശാന്തി അടക്കം ഏഴ് ഉദ്യോഗസ്ഥരെ കോര്‍പ്പറേഷന്‍ സസ്പെന്‍റ് ചെയ്തിരുന്നു.

തിരുവനന്തപുരം കോര്‍പറേഷനിലെ നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിലാണ് വന്‍ നികുതി വെട്ടിപ്പ് നടന്നത്. നേമത്തെ വന്‍ വെട്ടിപ്പ് കൂടാതെ ശ്രീകാര്യത്ത് 5 ലക്ഷവും ആറ്റിപ്രയില്‍ 2 ലക്ഷം രൂപയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. മൂന്ന് സോണുകളിലെയും പൊലീസ് അന്വേഷണം തുടരുകയാണ്. ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജു , നേമം സോണിലെ കാഷ്യര്‍ സുനിത എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.