കരുവന്നൂരിലെ വിവാദ പ്രസ്താവന; മന്ത്രി ആർ ബിന്ദുവിന്‍റെ ഓഫീസിലേക്ക് കോണ്‍ഗ്രസ് മാർച്ച്

Jaihind Webdesk
Saturday, July 30, 2022

 

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിൽ മന്ത്രി ആർ ബിന്ദുവിന്‍റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ ഇരിങ്ങാലക്കുടയിലെ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. കോണ്‍ഗ്രസ് നേതാവ് എം.പി ജാക്സൺ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

കരുവന്നൂർ ബാങ്കിലെ നിക്ഷേപക മികച്ച ചികിത്സയ് പണം ലഭിക്കാതെ മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെ മന്ത്രി നടത്തിയ പ്രസ്താവനയാണ് വിവാദമായത്. മൃതദേഹവുമായി ബാങ്കിന് മുന്നില്‍ സമരം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്നായിരുന്നു മന്ത്രിയുടെ പരാമർശം. മരിച്ച ഫിലോമിനയുടെ കുടുംബത്തിന് പണം നല്‍കിയിരുന്നതായും മന്ത്രി അവകാശപ്പെട്ടു. എന്നാല്‍ മന്ത്രിയുടെ പ്രസ്താവന തള്ളി ഫിലോമിനയുടെ മകന്‍ രംഗത്തെത്തി. 2 ലക്ഷം രൂപയുടെ ചെക്ക് തങ്ങള്‍ക്ക് ലഭിച്ചത് അമ്മയുടെ മരണശേഷമാണ്. തങ്ങളുടെ സ്വന്തം പണം ആണ് ആവശ്യപ്പെട്ടതെന്നും മന്ത്രിയുടെയും മറ്റുള്ളവരുടെയും സൌകര്യത്തിനല്ല അത് തരേണ്ടതെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.