ലോക്ക് ഡൗൺ കാലത്ത് ജനങ്ങള്‍ക്ക് താങ്ങായി പ്രതിപക്ഷ നേതാവിന്‍റെ കണ്‍ട്രോള്‍ റൂം; ലഭിക്കുന്നത് അയ്യായിരത്തിലേറെ പരാതികൾ

Jaihind News Bureau
Monday, April 6, 2020

അടച്ചിടൽ 11 ദിവസം പിന്നിട്ടപ്പോൾ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കൺട്രോൾറൂമിലേക്ക് അയ്യായിരത്തിലേറെ പരാതികൾ. അവശ്യമരുന്നുകൾ ലഭിക്കാത്തതും കൊയ്ത്തുകഴിഞ്ഞ് നെല്ല് ഏറ്റെടുക്കാൻ അധികൃതർ തയ്യാറാകാത്തതും തുടങ്ങി…. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ പണമില്ല, കമ്യൂണിറ്റി കിച്ചണിലേക്ക് സാധനങ്ങള്‍ ഇല്ല, അവിടെ നിന്ന് ആഹാരം കിട്ടുന്നില്ല തുടങ്ങിയ പരാതികള്‍ വരെ ഇതില്‍ പെടുന്നു.

ഓച്ചിറയില്‍ നിന്ന് കഴിഞ്ഞ ദിവസം വേവലാതി നിറഞ്ഞ ഒരു ടെലിഫോണ്‍കോള്‍ പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കണ്‍ട്രോണ്‍മെന്‍റ് ഹൗസിലെ കണ്‍ട്രോള്‍ റൂമിലേക്ക് എത്തുന്നു. കിഡ്‌നി മാറ്റിവച്ച മൂന്നു പേര്‍ക്കുള്ള ജീവന്‍രക്ഷാ മരുന്ന് തീര്‍ന്നു പോയിരിക്കുന്നു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത മരുന്ന് കൊച്ചിയിലെ വിതരണക്കാര്‍ക്ക് എത്തിയിട്ടുണ്ട്. ലോക്കൗട്ടു കാരണം ഓച്ചിറയിലെത്തിക്കാനാവുന്നില്ല. മരുന്ന് സമയത്തിന് കിട്ടിയില്ലെങ്കില്‍ മൂന്ന് പേരുടെ ജീവന്‍ അപകടത്തിലാവുമെന്ന് ഫോണിലൂടെ ഭയപ്പെട്ട ഓച്ചിറ ബ്‌ളോക്ക് പഞ്ചായത്ത് അംഗം എന്‍.കൃഷ്ണകുമാറിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാധാനിപ്പിച്ചു. നമുക്ക് വഴി ഉണ്ടാക്കാം. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ ഫോണില്‍ വിളിച്ചു. കാര്യത്തിന്റെ ഗൗരവം മനസിലായതോടെ കമ്മീഷണര്‍ മരുന്ന് വിതരണക്കമ്പനിയുമായി സംസാരിച്ചു. ഇത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച. പിന്നെ എല്ലാം വേഗത്തിലായി. കൊച്ചിയില്‍ നിന്ന് ഓച്ചിറ വരെയുള്ള പൊലീസ് സ്റ്റേഷനുകളിലൂടെ മരുന്ന് കൈമാറി വെള്ളിയാഴ്ച രാത്രി തന്നെ മരുന്ന് ഓച്ചിറ സ്‌റ്റേഷനിലെത്തി. അവിടെ നിന്ന് പൊലീസ് സംഘം രോഗികളായ ഓച്ചിറ കൊറ്റംമ്പള്ളി ഗൗരി ഭവനത്തില്‍ ഉദയഭാനു, തഴവ മണിപ്പള്ളിയിലെ റഹീം, കുരീപ്പുഴയിലെ അശോക് കുമാര്‍ എന്നിവരുടെ വീടുകളില്‍ മരുന്ന് എത്തിച്ചു.

ലോക്ക് ഡൗൺ പതിനൊന്നു ദിവസം പിന്നിടുന്നതോടെ ഇത് പോലെ നിരവധി കോളുകളാണ് പ്രതിപക്ഷ നേതാവിന്‍റെ കണ്‍ട്രോള്‍ റൂമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. എല്ലാത്തിനും പ്രതിപക്ഷ നേതാവ് നേരിട്ട് തന്നെ ഇടപെട്ട് പരിഹാരമുണ്ടാക്കുന്നു. വൃക്ക രോഗികളുടെ മാത്രമല്ല നിരവധി കാന്‍സര്‍ രോഗികള്‍ക്കുള്ള മരുന്നും ഇതേ പോലെ പ്രതിപക്ഷ നേതാവിന്‍റെ ഇടപെടലിലൂടെ എത്തിക്കാന്‍ കഴിഞ്ഞു. പൂച്ചാക്കല്‍ തോവര്‍വട്ടം ജി.എച്ച്.എസിലെ ഏഞ്ചല്‍ മരിയ എന്ന ഏഴുവയസുള്ള കുട്ടിക്ക് ഫിസിയോ തെറപ്പിക്കുള്ള മരുന്ന് തീര്‍ന്നു പോയി. തിരുവനന്തപുരത്ത് ഒരു മെഡിക്കല്‍ സ്റ്റോറില്‍ മാത്രമേ മരുന്നുള്ളൂ. പ്രതിപക്ഷ നേതാവ് തന്നെ മരുന്ന് വാങ്ങി പൊലീസ് സഹായത്തോടെ പൂച്ചാക്കലിലേക്ക് അയച്ചു.

ഡല്‍ഹിക്ക് സമീപം യു.പി അതിര്‍ത്തിയായ ഗാസിയാബാദില്‍ കുടുങ്ങിപ്പോയതാണ് പല്ലന സ്വദേശി വിഷ്ണുവും ഗര്‍ഭിണിയായ ഭാര്യ വൃന്ദയും. വൃന്ദയ്ക്ക് ഡോക്ടര്‍മാര്‍ വിധിച്ചത് പൂര്‍ണ്ണ വിശ്രമം. അന്യനാട്ടില്‍ ആരോരും തുണയില്ലാതെ ദമ്പതികള്‍ വിഷമത്തിലായി. മരുന്നും ഭക്ഷണവും വാങ്ങാന്‍ പുറത്തിറങ്ങിയ വിഷ്ണുവിനെ പൊലീസ് മര്‍ദ്ദിക്കുകയും ചെയ്തതോടെ ജീവിതം വഴിമുട്ടി. നാട്ടിലേക്ക് ആംബുലന്‍സും വൈദ്യസഹായവും ലഭ്യമാക്കാന്‍ ആശുപത്രി തയ്യാറായെങ്കിലും 1.20 ലക്ഷം രൂപ ഉടന്‍ എടുക്കാന്‍ വീട്ടുകാര്‍ക്കായില്ല. മത്സ്യത്തൊഴിലാളിയായ അച്ഛന്‍ ഉണ്ണിയും തൊഴിലുറപ്പ് തൊഴിലളിയായ അമ്മ ശോഭയും ബന്ധുക്കളും ചേര്‍ന്നു കുറച്ചു തുക കണ്ടെത്തി. ബാക്കി കണ്ടെത്താനാവാതെ വിഷമിക്കുന്ന ഇവരുടെ കഥ കാര്‍ത്തികപ്പള്ളി ബ്‌ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എസ്.വിനോദ്കുമാര്‍ പ്രതിപക്ഷ നേതാവിനെ വിളിച്ചറിയിച്ചു. അദ്ദേഹം ഉടന്‍ ബാക്കി തുക ഏര്‍പ്പാടാക്കി. 53 മണിക്കൂര്‍ കൊണ്ടു മൂവായിരത്തി ലധികം കിലോ മീറ്റര്‍ താണ്ടി വൃന്ദയുമായി ആംബുലന്‍സ് നാട്ടിലെത്തി. വാളയാറില്‍ പൊലീസ് ആംബുലന്‍സ് തടഞ്ഞപ്പോഴും പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍ ഉണ്ടായി.

മരുന്നിന് പുറമെ ഭക്ഷണം ആവശ്യപ്പെട്ടു കൊണ്ട് ഒറ്റപ്പെട്ട് പോയ വൃദ്ധരുടെ ടെലിഫോണ്‍ കോളുകള്‍ മിക്കവാറും എത്തുന്നു. അവയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയോ സന്നദ്ധ സംഘടനകള്‍ വഴിയോ ഔദ്യോഗിക സംവിധാനങ്ങള്‍ വഴിയോ ഉടനുടന്‍ പരിഹാരമുണ്ടാവുന്നു.

അപ്പര്‍കുട്ടനാട്ടിലും തൃശ്ശൂരിലും പാലക്കാട്ടും കൊയ്ത്ത് മുടങ്ങുകയും നെല്ല് ഏറ്റെടുക്കാന്‍ അധികൃതര്‍ തയ്യാറാവാതിരിക്കുകയും ചെയ്തതിനെപ്പറ്റി നിരവധി പരാതികളാണ് ലഭിച്ചത്. മന്ത്രി തലത്തില്‍ ഇടപെട്ട് അവയ്ക്ക് കുറെയൊക്കെ പരിഹാരമുണ്ടാക്കി. റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ റേഷന്‍ വിതരണത്തെക്കുറിച്ചാണ് നിലയ്ക്കാത്ത പരാതി ഉണ്ടാവുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അളവില്‍ മുഴുവന്‍ അരിയും കിട്ടുന്നില്ല, നിലവാരമുള്ള അരി കിട്ടുന്നില്ല, ആവശ്യത്തിന് സ്റ്റോക്കില്ല തുടങ്ങിയ പരാതികളാണ് ഏറെയും. മത്സ്യബന്ധനവും വിപണനവും മുടങ്ങിയതോടെ ജീവിതം വഴിമുട്ടിയ മത്സ്യത്തൊഴിലാളികളുടെ പരാതിയും കണ്‍ട്രോള്‍ റൂമിലേക്ക് നിലയ്ക്കാതെ ഒഴുകുന്നു. നിയന്ത്രിതമായ തോതില്‍ മത്സ്യ വിപണനത്തിന് സൗകര്യമൊരുക്കാന്‍ പ്രതിപക്ഷ നേതാവിന്റെ ഇടപെടലോടെ സര്‍ക്കാര്‍ തയ്യാറായി. കാരുണ്യ പദ്ധതിയുടെ ചികിത്സാ സഹായം നിലച്ചതിനെപ്പറ്റിയായിരുന്നു മറ്റൊരു പരാതി. മൂന്ന് മാസത്തേക്ക് കൂടി കാരുണ്യ ചികിത്സാ സഹായം നീട്ടിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ ഇടപെടലിന് സാധിച്ചു.

നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ പണമില്ല, കമ്യൂണിറ്റി കിച്ചണിലേക്ക് സാധനങ്ങള്‍ ഇല്ല, അവിടെ നിന്ന് ആഹാരം കിട്ടുന്നില്ല തുടങ്ങിയ പരാതികളും ലഭിക്കുന്നുണ്ട്. ലോക്കൗട്ട് പതിനൊന്ന് ദിവസം പിന്നിടുമ്പോള്‍ അയ്യായിരത്തിലേറെ പരാതികളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിപക്ഷ നേതാവിന്‍റെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇവ തരംതിരിച്ച് അതാതിടങ്ങളിലെ എം.എല്‍.എമാരെയോ യു.ഡി.എഫ് പ്രവര്‍ത്തകരെയോ അറിയിച്ച് പരിഹാരം നേടാനും ശ്രമിക്കുന്നുണ്ട്.