തുടർഭരണം കേരളത്തിലുണ്ടാക്കിയത് സർവനാശം; കമ്യൂണിസ്റ്റ് പാർട്ടി കമ്യൂണലിസത്തിലേക്ക് കൂപ്പുകുത്തി

Jaihind Webdesk
Sunday, July 24, 2022

കോഴിക്കോട്: തുടർഭരണം കേരളത്തിന് സർവനാശമുണ്ടാക്കിയെന്ന് കെപിസിസി ചിന്തന്‍ ശിബിരം. സംസ്ഥാനത്തിനും ജനതയ്ക്കുമുണ്ടാക്കിയ ഈ പ്രതിസന്ധി മറികടക്കാനുള്ള ജനാധിപത്യ പോരാട്ടങ്ങൾക്ക് കോൺഗ്രസും യുഡിഎഫും നേതൃത്വം നൽകും. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി കമ്യൂണലിസത്തിലേക്കും ക്രോണി ക്യാപ്പിറ്റലിസത്തിലേക്കും കൂപ്പുകുത്തി വീണെന്നും ചിന്തൻ ശിബിരം കുറ്റപ്പെടുത്തി.

ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയും നേരിട്ടിട്ടില്ലാത്ത ഗുരുതരമായ ആരോപണങ്ങളാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നേരിടുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയും ഓഫീസും സ്വർണ്ണകള്ളക്കത്ത്, ഡോളർ കള്ളക്കടത്ത് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലെ പങ്കാളികളാണെന്ന നിലയിൽ കേസിലെ പ്രധാന പ്രതി കോടതിയിൽ കൊടുത്തിരിക്കുന്ന സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തലുകൾ നമ്മുടെ ഭരണാധികാരികളെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും വിശ്വാസ്യതയും ഇല്ലാതാക്കി. സിപിഎം പോലുള്ള പാർട്ടി നേരിടുന്ന ജീർണതയിലേക്ക് വിരൽചൂണ്ടുന്നവയാണ് സർക്കാരിനെതിരെ ഓരോ ദിവസവും പുറത്തുവരുന്ന വെളിപ്പെടുത്തലുകളെന്ന് കോഴിക്കോട് പ്രഖ്യാപനം കുറ്റപ്പെടുത്തുന്നു.

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്‍റെ പിന്തുണയില്ലായിരുന്നെങ്കിൽ ഇതിനകം തന്നെ മുഖ്യമന്ത്രിക്ക് രാജിവച്ചൊഴിയേണ്ടിവരുമായിരുന്നു. കേരളത്തിലെ സിപിമ്മും ബിജെപിയും രഹസ്യ പാക്കേജിന്‍റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പരസ്പര സഹായ സംഘങ്ങളായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായി ഉയരുന്ന അരോപണങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനും കേന്ദ്രത്തിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താനുമാണ് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമണവും പിന്നീട് നടന്ന എകെജി സെന്‍റർ ആക്രമണ നാടകവും ആസൂത്രണം ചെയ്യപ്പെട്ടത്.

ജനകീയ അടിത്തറ വിപുലപ്പെടുത്തിയും യുഡിഎഫ് വിപുലീകരിച്ചും കാലം ഏൽപ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാൻ നാം സന്നദ്ധരാണ്. ഇടതുപക്ഷ ആശയങ്ങളും പരിപാടികളുമുള്ള സംഘടനകൾക്ക് പോലും ഇന്ന് കേരളത്തിലെ തീവ്ര വലതുപക്ഷ നയങ്ങൾ പിന്തുടരുന്ന സിപിഎം മുന്നണിയിൽ അധികകാലം നിൽക്കാനാവില്ല. സ്വത്വം നഷ്ടപ്പെടുത്തി അധികാര പങ്കാളിത്തം എന്ന കേവല അജണ്ടയിൽ തൃപ്തരാകാത്ത കക്ഷികൾ കേരളത്തിലുണ്ട്. അവർക്ക് മുന്നണിവിട്ട് പുറത്തുവരേണ്ടിവരുന്ന സാഹചര്യത്തിൽ യുഡിഎഫ് അതിന്‍റെ രാഷ്ട്രീയ ധർമം നിർവഹിക്കുമെന്നും കോഴിക്കോട് പ്രഖ്യാപനത്തിൽ പറയുന്നു.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരു മാധ്യമ സ്ഥാപനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രോട്ടോക്കോൾ ലംഘിച്ച് വിദേശ ഭരണകൂടത്തെ സമീപിക്കാൻ പോലും മടിയില്ലാത്ത മന്ത്രിമാരെ സൃഷ്ടിക്കുകയും പോറ്റി വളർത്തുകയും ചെയ്യുന്ന നാടായി കേരളം അധഃപതിച്ചു. ഇന്ത്യൻ ഭരണഘടനയെ തന്നെ അട്ടിമറിക്കാനും ജനാധിപത്യവും മതേതരത്വവും അപ്രസക്തമാക്കാനും സംഘപരിവാർ ശ്രമിക്കുന്ന ഈ കെട്ടകാലത്ത് ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളെ വികൃതമായി ചിത്രീകരിക്കാനും ഭരണഘടന ശിൽപ്പികളെ അപകീർത്തിപ്പെടുത്താനും കേരളത്തിലെ ഒരു മന്ത്രി ശ്രമിച്ചത് മാപ്പ് അർഹിക്കാത്ത തെറ്റാണ്. ഇത് ഒരു ഒറ്റപ്പെട്ട നാക്കുപിഴയല്ല, മറിച്ച് ഭരണഘടനാ രൂപവത്ക്കരണ കാലം തൊട്ടുതന്നെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾക്ക് ഭരണഘടനയോടും അതിന്‍റെ പ്രധാന ശിൽപ്പിയായ ഡോ. അംബേദ്കറോടുമുള്ള വരേണ്യകാഴ്ചപ്പാടിലൂന്നിയ വിദ്വേഷമാണ് മന്ത്രിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. ഭരണഘടനയെ അവഹേളിച്ചതിന്‍റെ പേരിൽ മന്ത്രിക്ക് രാജിവെക്കേണ്ടി വന്നത് ജനങ്ങൾ ഉയർത്തിയ പ്രതിരോധത്തിന്‍റെ വിജയമാണെന്നും പ്രഖ്യാപനത്തില്‍ ചൂണ്ടിക്കാട്ടി.