പാർട്ടി ഓഫീസ് പണി പാളി: സിപിഎമ്മിനെതിരെ കോടതിയലക്ഷ്യം; ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാന്‍ നിർദേശിച്ച് ഹൈക്കോടതി

 

കൊച്ചി: കോടതി ഉത്തരവ് ലംഘിച്ച് ശാന്തൻപാറയിലെ പാർട്ടി ഓഫീസ് നിർമ്മാണം നടത്തിയ സംഭവത്തിൽ സിപിഎമ്മിനെതിരെ കോടതിയലക്ഷ്യ നടപടി. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസിനെതിരെയാണ് കോടതിയലക്ഷ്യ നടപടിക്ക് ഉത്തരവിട്ടത്. സിപിഎം നടപടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കോടതി, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്തുമാകാമോ എന്നും ചോദിച്ചു.

കേസില്‍ കക്ഷിയാണ് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്. കെട്ടിടം പണി പൂര്‍ത്തിയായി എന്ന് സിപിഎമ്മിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയില്‍ പറ‍ഞ്ഞു. എന്നാല്‍ കോടതി ഉത്തരവ് ലംഘിച്ച് എങ്ങനെ നിര്‍മ്മാണം തുടര്‍ന്നു എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ബൈസൻവാലിയില്‍ സ്റ്റോപ്പ്‌ മെമ്മോ കൊടുത്തില്ലേ എന്നും കോടതി ചോദിച്ചു. അതിനാല്‍ കോടതി ഉത്തരവിനെക്കുറിച്ച്‌ അജ്ഞത നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ശാന്തൻപാറയിലെ കെട്ടിടം ഇനി ഒരു ഉത്തരവ് വരുന്നത് വരെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

കോടതി ഉത്തരവ് വന്നിട്ടും നിര്‍മ്മാണം തുടര്‍ന്നതായി കഴിഞ്ഞ ദിവസം അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ കോടതി അതൃപ്തി അറിയിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ അഭിഭാഷകനോട് ഹാജരാകാൻ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കോടതി ഉത്തരവ് കാറ്റിൽ പറത്തി ശാന്തൻപാറയിൽ കഴിഞ്ഞ ദിവസം രാത്രി പാർട്ടി ഓഫീസിന്‍റെ നിർമ്മാണം നടത്തുകയായിരുന്നു. പുലര്‍ച്ചെ നാലു മണി വരെ പണികള്‍ തുടര്‍ന്നു. കോടതി ഉത്തരവോ പണി നിര്‍ത്തിവെക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കളക്ടറുടെ ഉത്തരവോ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്നതായിരുന്നു പണി തുടരാനായി സിപിഎം മുന്നോട്ടുവെച്ച ന്യായം.എന്നാൽ ഇത് ശ്രദ്ധയിൽ പെട്ട കോടതി അടിയന്തരമായി വിഷയത്തിൽ ഇടപെടുകയായിരുന്നു.

Comments (0)
Add Comment